ശ്വേതയുടെ രാജി വെറും പ്രഖ്യാപനം മാത്രം, കത്ത് തന്നിട്ടില്ല: രമേഷ് പിഷാരടി
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാവിപ്രവർത്തനങ്ങളെയും ഭാരവാഹികളുടെ രാജിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി താൽക്കാലിക അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ. സംഘടനയുടെ പ്രസിഡന്റായിരുന്ന ശ്വേത മേനോൻ ഇതുവരെ രേഖാമൂലം രാജി സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയും അംഗങ്ങളും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 21ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ശ്വേത മേനോൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്. നേതൃത്വത്തിലുള്ളവർ രാജി പ്രഖ്യാപിച്ച് പോയ പശ്ചാത്തലത്തിലാണ് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നത്. ശ്വേത മേനോൻ രേഖാമൂലം രാജി കത്ത് നൽകിയിട്ടില്ല.
കമ്മിറ്റി അംഗങ്ങളായ മല്ലികാ സുകുമാരനും ലക്ഷ്മിപ്രിയയും ഇ-മെയിൽ വഴി രാജി സമർപ്പിച്ചിട്ടുണ്ടെന്ന് അഡ്ഹോക് കമ്മിറ്റി അംഗമായ കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി. സംഘടനയുടെ ബൈലോയിൽ അഡ്ഹോക് കമ്മിറ്റി എന്ന പദമില്ലെന്നും പകരം സ്പെഷ്യൽ കമ്മിറ്റി വരാമെന്നാണ് നിർദ്ദേശമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
അമ്മയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ടുതന്നെ പ്രഖ്യാപിച്ച രാജി ഒരു മാസം കഴിഞ്ഞ് രേഖാമൂലം തരുമായിരിക്കും എന്ന് കരുതി സംഘടനയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാകില്ല. രാജി ഔദ്യോഗികമായി നൽകേണ്ടത് ശ്വേതയുടെ ഉത്തരവാദിത്വമാണെന്നും ഭാരവാഹികൾ പറഞ്ഞു.
