ശ്രീശാന്തിനെതിരായ കെ.സി.എ.യുടെ വിലക്ക് നീക്കി; നടപടി മാപ്പെഴുതി നൽകിയതിനു പിന്നാലെ
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) പിൻവലിച്ചു. മൂന്നുവർഷത്തെ വിലക്കാണ് പിൻവലിച്ചത്. ഇതോടെ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ സഹഉടമയായ ശ്രീശാന്തിന് ടീമിനൊപ്പം ചേരാം. കെ.സി.എ.യ്ക്ക് അപകീർത്തിവരുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.
കഴിഞ്ഞവർഷം കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിന് മുന്നോടിയായാണ് ശ്രീശാന്തിനെ കെ.സി.എ. വിലക്കിയത്. കെ.സി.എ.യ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായി പ്രതികരിച്ചതിനായിരുന്നു നടപടി. മൂന്നുവർഷത്തെ വിലക്കേർപ്പെടുത്തിയ നടപടിയെ ചോദ്യംചെയ്ത് ശ്രീശാന്ത് കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും തള്ളി. പിന്നാലെ മാപ്പെഴുതി നൽകിയെന്നാണ് കെ.സി.എ. വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കെ.സി.എ. ബുധനാഴ്ച ചേർന്ന ജനറൽ ബോഡിയിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ ചർച്ചയ്ക്കെടുക്കുകയും പിന്നാലെ വിലക്ക് പിൻവലിക്കുകയുമായിരുന്നു. കെ.സി.എലിൽ പ്രഥമ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ സഹഉടമയാണ് ശ്രീശാന്ത്. മൂന്നാം സീസൺ വരാനിരിക്കേ വിലക്ക് നീങ്ങിയതിനാൽ ശ്രീശാന്തിന് ഇനി ടീമിനൊപ്പം ചേരുന്നതിൽ തടസ്സമില്ല.
