രാജരാജേശ്വര ക്ഷേത്രം കിഴക്കേ ഗോപുരം നവീകരിക്കും
തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം നവീകരിക്കുന്നു. നവീകരണപ്രവർത്തനത്തിന് വെള്ളിയാഴ്ച രാവിലെ 6.50-നും ഏഴിനും ഇടയിലുള്ള മുഹൂർത്തത്തിൽ തുടക്കം കുറിക്കും. ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന ഗോപുരത്തിന്റെ കല്ലുകൾ ദ്രവിച്ച് ഇളകിത്തുടങ്ങിയതിനാലാണ് നവീകരിക്കുന്നത്. ഇതിനുള്ള തുക അനന്ത് അംബാനിയാണ് നൽകുക. തച്ചുശാസ്‌ത്രവൈദഗ്ധ്യം വേണ്ടുന്ന പ്രവൃത്തികൾക്ക് മേൽനോട്ടംവഹിക്കാൻ തച്ചുശാസ്ത്രവിദഗ്‌ധൻ ചിത്രഭാനു നമ്പൂതിരിപ്പാട്, മൂന്ന് എൻജിനീയർമാർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഭീമനടിയിലെ കുഞ്ഞിരാമൻ മണിയാണിയുടെ നേതൃത്വത്തിലാണ് നവീകരണപ്രവൃത്തികൾ നടക്കുക. രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്നവരെ ഏറെ ആകർഷിക്കുന്ന നിർമിതിയാണ് കിഴക്കെ ഗോപുരത്തിന്. കൂറ്റൻ മതിലിനോട് ചേർന്നാണ് ഇതിന്റെ കിടപ്പ്. രണ്ടുനിലകളിൽ നിർമാണം പൂർത്തിയാക്കിയതാണെന്ന് വിദഗ്ധർ പറയുന്നു. ഉറപ്പുള്ള ഏറെ ചെങ്കല്ലുകൾ വേണ്ടുന്ന നിർമാണ പ്രവർത്തനമാണ് ഗോപുരത്തിന്റേത്. ഒരു വർഷത്തിനകം നവീകരണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയാണ് ക്ഷേത്ര ഭരണസമിതിക്ക്.
