മാസം നാല്; എസ്.ഐ.ആർ. പ്രതിഫലം കാത്ത് ബി.എൽ.ഒ.മാർ
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ.) പ്രവർത്തനം പൂർത്തിയായി നാലുമാസം പിന്നിട്ടിട്ടും പ്രതിഫലം ലഭിക്കാതെ ബി.എൽ.ഒ.മാർ. പിന്നിട്ട സാമ്പത്തികവർഷത്തെ ഓണറേറിയവും നൽകിയില്ല.
എസ്.ഐ.ആർ. പ്രവർത്തനത്തിന് പ്രത്യേക അലവൻസായി 6000 രൂപയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നത്. കേരളത്തിൽമാത്രം നൽകിയത് 2000 രൂപ. ബി.എൽ.ഒ.മാർ കൂട്ടായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി അയച്ചതോടെ, കേരളത്തിലും 6000 തന്നെ നൽകാൻ ഉത്തരവായി. ചിലയിടങ്ങളിൽ 2000 ഇതിനിടയിൽ നൽകി. വാർഷിക ഓണറേറിയമായി ലഭിക്കേണ്ട 12,000 രൂപയും, ഫോൺ ഉപയോഗച്ചെലവിനുള്ള 2000 രൂപയും കിട്ടാനുള്ളവയിൽപ്പെടുന്നു.
സാമ്പത്തികവർഷാരംഭത്തിൽ പ്രതീക്ഷിച്ച തുകയാണ് ഇനിയും വിതരണം ചെയ്യാത്തത്. രാപകൽ വ്യത്യാസമില്ലാതെ വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തി, പൊതു അവധിദിനങ്ങളിലടക്കം ജോലിയും ചെയ്താണ് ബി.എൽ.ഒ.മാർ എസ്.ഐ.ആർ. പൂർത്തിയാക്കിയത്. സ്വന്തം വാഹനങ്ങളിൽ യാത്രചെയ്തും സ്വന്തം മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും ഉപയോഗിച്ചുമാണ് ഭൂരിഭാഗം പ്രവർത്തനങ്ങളും നടത്തിയത്.
പലരും സ്വന്തം പണം ചെലവഴിച്ചാണ് ഫോട്ടോകോപ്പികൾ എടുത്തത്. രേഖാപരിശോധനാ നടപടികളും പൂർത്തിയാക്കി. കനത്ത ചൂടിനെ അവഗണിച്ച് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുകയും അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിലുൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 22-ന് എസ്.ഐ.ആർ. പ്രവൃത്തി പൂർത്തിയായി. താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗവുമായി പലതവണ ബന്ധപ്പെട്ടെങ്കിലും, പണമനുവദിക്കുന്ന തീയതിയെക്കുറിച്ചോ കാലതാമസത്തിനുള്ള കാരണത്തെക്കുറിച്ചോ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പരാതി.
പണം ഉടൻ
ബി.എൽ.ഒ.മാരുടെ പ്രതിഫലം ഉടൻ നൽകും. ഇതിനുള്ള നടപടി പൂർത്തിയായിട്ടുണ്ട്.
-ഡോ. എ. കൗശികൻ, ചീഫ് ഇലക്ടറൽ ഒാഫീസർ, കേരളം
