ജി. സുധാകരനെതിരെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന് വക്കീൽ നോട്ടീസയച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രസ്താവന തിരുത്തി പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
ടെലിവിഷൻ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയമായി തളർത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ജെയിംസ് സാമുവൽ ചൂണ്ടിക്കാട്ടി.
സിപിഎമ്മുമായി അകന്ന് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരൻ, എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
