വാർത്താ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവരും ഇനി നിരീക്ഷണത്തിൽ;ഐ.ടി. ചട്ട ഭേദഗതിയുടെ കരട് ഇറങ്ങി
ന്യൂഡൽഹി: വാർത്താ ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന സ്വകാര്യ വ്യക്തികളും ഇനി സൂക്ഷിക്കേണ്ടിവരും. സാധാരണക്കാർമുതൽ സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്ളുവൻസർമാർവരെ വാർത്താ അധിഷ്ഠിത ഉള്ളടക്കങ്ങൾ സൃഷ്ടിച്ചാൽ പ്രൊഫഷണൽ മാധ്യമ സ്ഥാപനങ്ങൾക്ക് സമാനമായ പരിശോധനകൾക്കും നടപടികൾക്കും വിധേയമാകും. ഇതിനായി ഐ.ടി. ചട്ടം സർക്കാർ ഭേദഗതി ചെയ്യാനൊരുങ്ങുകയാണ്.
ഐ.ടി. ചട്ടത്തിന്റെ എട്ടാം വകുപ്പ് ഭേദഗതിചെയ്യാനുള്ള കരട് തിങ്കളാഴ്ച കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഏപ്രിൽ 14 വരെ അഭിപ്രായവും നിർദേശവുമറിയിക്കാം. യുറ്റ്യൂബർമാർ, ഇൻസ്റ്റഗ്രാമിലെ റീലുകൾ സൃഷ്ടിക്കുന്നവർ, എക്സ് ഉപയോക്താകൾ തുടങ്ങിയവരെല്ലാം ഐ.ടി. ചട്ടത്തിന്റെ പാർട്ട് മൂന്നിന്റെ ഭാഗമാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഡിജിറ്റൽ മാധ്യമങ്ങളുടെ ധാർമികതയുമായി ബന്ധപ്പെട്ട പാർട്ട് മൂന്നിലാണ് ഉള്ളടക്കങ്ങൾക്ക് ത്രിതല മേൽനോട്ട സംവിധാനം നിർദേശിക്കുന്നത്.
ഇതുവരെ പ്രൊഫഷണൽ മാധ്യമ സ്ഥാപനങ്ങൾക്കുമാത്രമായിരുന്നു ഈ ചട്ടങ്ങളെങ്കിൽ ഇനിയത് വാർത്താ അധിഷ്ഠിത ഉള്ളടക്കം പ്രസിദ്ധപ്പെടുത്തുന്ന എല്ലാവർക്കുമാകും. ചട്ടത്തിലെ ഭേദഗതി നിലവിൽ വന്നാൽ പ്രസാധകർ, ഓൺലൈൻ വാർത്താ പോർട്ടലുകൾ തുടങ്ങിയവർക്കൊപ്പം വാർത്താ ഉള്ളടക്കം നൽകുന്ന എല്ലാവരേയും ഉൾപ്പെടുത്തും. ബിസിനസ്, പ്രൊഫഷണൽ, വാണിജ്യ പ്രവർത്തനങ്ങൾക്കല്ലാതെ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തുന്ന വ്യക്തികൾക്ക് നേരത്തേയുണ്ടായിരുന്ന സംരക്ഷണമാണ് ഇല്ലാതാവുക.
ഒരു പ്രതിഷേധം നടക്കുന്നതിന്റെ വീഡിയോ, സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കൽ, ഒരു വാണിജ്യസംഭവത്തെക്കുറിച്ച് ഇൻഫ്ളുവൻസറുടെ പോസ്റ്റ്, പ്രകൃതിദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷിയുടെ വിശദീകരണം തുടങ്ങിയവയെല്ലാം ചട്ടഭേദഗതി വരുന്നതോടെ വാർത്താ ഉള്ളടക്കത്തിന്റെ നിയന്ത്രണത്തിന് ബാധകമായേക്കും.
ചട്ടവിരുദ്ധമായ ഉള്ളടക്കമാണെന്ന് കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളടങ്ങിയ സമിതി കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകുകയോ ഭേദഗതി നിർദേശിക്കുകയോ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. അടിയന്തര സാഹചര്യങ്ങളിൽ ഉള്ളടക്കമിട്ടയാളെ കേൾക്കാതെ ബ്ലോക്ക്ചെയ്യാനും സർക്കാരിന് സാധിക്കും.
