സ്ഥാനാർത്ഥികൾക്കു വേണം ആലക്കോട് കൊട്ടാരത്തിന്റെ അനുഗ്രഹം
ആലക്കോട്: തിരഞ്ഞെടുപ്പടുത്താൽ അനുഗ്രഹം തേടി സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പ്രവാഹമാണ് കണ്ണൂർ ജില്ലയിലെ മലയോര സിരാകേന്ദ്രമായ ആലക്കോട് ടൗണിനോടു ചേർന്നുള്ള ‘ആലക്കോട്കൊട്ടാര’ ത്തിലേക്ക്. ആലക്കോടിന്റെ ശില്പിയെന്നും, കുടിയേറ്റക്കാരുടെ തമ്പുരാൻ എന്നുമറിയപ്പെടുന്ന പി.ആർ. രാമവർമ്മരാജ താമസിച്ചിരുന്ന ഭവനമാണ് ആലക്കോട് കൊട്ടാരം.
2001ൽ അദ്ദേഹം മരിക്കുന്നതുവരെയുള്ള കാലത്ത് രാഷ്ട്രീയ, മത ഭേദമില്ലാതെ സ്ഥാനാർഥികൾ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തുമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഇവിടെ താമസിക്കുന്ന മകൾ കുമാരി വർമ്മയെകണ്ട് അനുഗ്രഹം തേടുന്ന പതിവ് തുടർന്നു വരികയാണ്. നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഇടത്, വലത്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയെത്തിയിരുന്നു.
ആലക്കോട് രാജയെന്നറിയപ്പെടുന്ന പി.ആർ രാമവർമ്മ രാജ പൂഞ്ഞാർ രാജകുടുംബമായിരുന്നു. പൂഞ്ഞാറിൽ നിന്നും ആലക്കോടെത്തിയ അദ്ദേഹം ഇന്നത്തെ ആലക്കോട് ടൗണിൽ ഒരു ഭവനം പണിതു. രാജവംശത്തിലെ വ്യക്തിയായ പി.ആർ രാമവർമ്മ രാജ താമസിച്ചിരുന്നതിനാൽ നാട്ടുകാർ കൊട്ടാരം എന്നു വിളിച്ചു. അദ്ദേഹത്തിന്റെ കാലശേഷം ഏക മകളായ കുമാരി വർമ്മയും അവരുടെ മക്കളായ അജിത് രാമവർമ്മയും ഡോ. ശൈലജ വർമ്മയുമാണ് ഇവിടെ താമസിച്ചു വരുന്നത്.
തിരഞ്ഞെടുപ്പു കാലത്ത് കണ്ണൂർ പാർലമെന്റ്, ഇരിക്കൂർ നിയമസഭ, ആലക്കോട് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ കൊട്ടാരത്തിലെത്തും. യു.ഡി.എഫിലെ സജീവ് ജോസഫ്, എൽ.ഡി.എഫിലെ മാത്യു കുന്നപ്പള്ളി, എൻ.ഡി.എയിലെ ശ്രീനാഥ് പദ്മനാഭൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയിരുന്നു.
പി.ആർ രാമവർമ്മയുടെ കാലത്ത് കേരളത്തിലെ പ്രധാന രാഷ്ട്രീയ സാമൂഹിക സാഹിത്യ നായകരെല്ലാം ഇവിടുത്തെ സന്ദർശകരായിരുന്നു. എ.കെ.ജി, മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരും മറ്റനേകം പ്രശസ്തരും സന്ദർശകരായി എത്താറുണ്ടയിരുന്നു. ആ പതിവ് ഏറിയും കുറഞ്ഞും ഇന്നും തുടരുന്നു.
കുടിയേറ്റത്തിന്റെ പിതാവ്
