നായനാറിനെ ആദ്യം നിയമസഭ കാണിച്ച ഇരിക്കൂർ

Share our post

കണ്ണൂർ: ആനകുത്തിയാലും ഇളകാത്ത കോൺഗ്രസിന്റെ ശക്തമായ വേരുറപ്പുള്ള മണ്ഡലമാണ് ഇന്ന് ഇരിക്കൂർ. എന്നാൽ ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ശക്തമായ അടിവേരുള്ള മണ്ഡലമായിരുന്നു ഇരിക്കൂർ. പോരാട്ടങ്ങളുടെയും സമരങ്ങളുടെയും കഥകൾ ഇരിക്കൂറിന്റെ മണ്ണിലെ ചരിത്രമാണ്. കർഷക പോരാട്ട ചരിത്രത്തിലെ തീ തുപ്പുന്ന അദ്ധ്യായമായ കാവുമ്പായി സമരം ഒരുദാഹരണം.

കേരളത്തിലെ ഏറ്റവും ജനകീയ മുഖ്യമന്ത്രിമാരിൽ ഒരാളായ ഇ.കെ നായനാറെ ആദ്യമായി നിയമസഭയിലേക്കെത്തിച്ച മണ്ഡലമാണ് ഇരിക്കൂർ. 1974ലെ ഉപതിരഞ്ഞെടുപ്പിൽ. അതുകൊണ്ടുതന്നെ ഇരിക്കൂറിനെ അത്ര എളുപ്പത്തിൽ മറക്കാനാവില്ല, രാഷ്ട്രീയചരിത്രം പാഠവിഷയമാക്കുന്നവർക്ക്. നായനാറിന്റെ രാഷ്ട്രീയ ഉയർച്ചയ്ക്ക് വളവും ഇന്ധനവും നിറച്ചുനൽകിയത് ഇരിക്കൂറിന്റെ മണ്ണാണ്.

നാലു പതിറ്റാണ്ടിലധികമായി കോൺഗ്രസ് മാത്രം ജയിച്ച് കയറുന്ന ഇരിക്കൂറിൽ എൽ.ഡി.എഫിനനുകൂലമായത് ആ ഫലം മാത്രം. എങ്കിലും നായനാർ ജയിച്ച മണ്ണിൽ എന്തുകൊണ്ട് അട്ടിമറി സാദ്ധ്യമായിക്കൂടാ എന്ന നിലപാടിലാണ് എൽ.ഡി.എഫ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് കോൺഗ്രസ് പ്രചരണ വിഷയമാക്കുന്നതെങ്കിൽ ഇരിക്കൂറിലെ വിവിധ പ്രശ്നങ്ങളാണ് എൽ.ഡി.എഫ് ഉന്നയിക്കുന്നത്.

കെ.സി ജോസഫിന്റെ സ്വന്തം മണ്ഡലം

കെ.എം മാണിക്ക് പാല മണ്ഡലം എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു കെ.സി ജോസഫിന് ഇരിക്കൂറും. മാറിനിൽക്കാൻ പാർട്ടിയിൽ നിന്ന് പല സമ്മർദ്ദമുണ്ടായിട്ടും കെ.സി ജോസഫ് മാറി നിന്നില്ല. 1982 മുതൽ 2016 വരെ കെ.സി ജോസഫ് എട്ടുവട്ടം തുടർച്ചയായി വിജയിച്ചുവന്ന മണ്ഡലം എന്ന നിലയിൽ ഇരിക്കൂർ ചർച്ച ചെയ്യപ്പെട്ടു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഡ്വ. സജീവ് ജോസഫായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫിനായി കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സജി കുറ്റയാനിമറ്റവും. സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.സി ജോസഫിന്റെ പാരമ്പര്യം തുടരാൻ ലക്ഷ്യമിട്ടാണ് സജീവ് ജോസഫ് ഇത്തവണയും മത്സരരംഗത്തുള്ളത്. കേരള കോൺഗ്രസ് എമ്മിലെ മാത്യു കുന്നപ്പള്ളിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

ഇരിക്കൂർ മണ്ഡലം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!