പഞ്ചിന് ‘പാവ’ മാത്രമല്ല, കൂട്ടായി ഇനി ‘ഗേൾഫ്രണ്ടും’
ടോക്കിയോ: ലോകത്തെ മുഴുവൻ ജനതയുടെ മനസിലേയ്ക്ക് വിങ്ങലായി കയറി വന്ന ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുട്ടി കുരങ്ങന് തുണയായി പുതിയ കൂട്ടുകാരി. പഞ്ചിന് കൂട്ടായി മോമോ ചാനുവെന്ന പെൺകുരങ്ങിനെ കിട്ടിയെന്നാണ് മൃഗശാല അധികർ അറിയിക്കുന്നത്. ഇരുവരുടെയും ദൃശ്യങ്ങളും പുറത്ത് വിട്ടു. പഞ്ചിനെ തനിച്ചാക്കാതെ അവനൊപ്പം ഓടിക്കളിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീണ്ടും സൈബറിടത്ത് നിറയുകയാണ്.
‘പഞ്ച് ഇനി ഒറ്റയ്ക്കല്ല’, ‘അവസാനം അവനെയും തേടി ഒരാളെത്തി’ എന്നിങ്ങനെ നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ട്. ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വർഗത്തിൽപ്പെട്ട പഞ്ച് എന്ന കുട്ടിക്കുരങ്ങൻ ആണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെ ലോകജനശ്രദ്ധ പിടിച്ചു പറ്റിയത്.
അമ്മ ഉൾപ്പടെയുള്ള കുരങ്ങന്മാർ കൂട്ടത്തോടെ അകറ്റി നിർത്തിയപ്പോൾ പഞ്ചിന് കൂട്ടായി കളിപ്പാവ മാത്രമാണ് ഉണ്ടായിരുന്നത്. ഒറാംഗൂട്ടാൻ മാതൃകയിലുള്ള ഒരു പാവയെ ജീവനക്കാരാണ് അവന് നൽകിയത്. ഈ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. പാവയുടെ മേൽ തലവച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതോടെ പഞ്ചിനെ നേരിൽ കാണുവാനും മറ്റുമായി നിരവധി പേർ മൃഗശാലയിലേയ്ക്ക് എത്തി.
