ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വടകരയിൽ എം.കെ ഭാസ്‌കരൻ, കല്പറ്റയിൽ അനിൽ കുമാർ

Share our post

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ പ്രവീണും കല്പറ്റയിൽ പി.കെ അനിൽ കുമാറും മത്സരിക്കും. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്‌ കുമാറാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

വയനാട് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അനിൽകുമാർ അഞ്ച് വർഷം മുൻപാണ് കോൺഗ്രസ് വിട്ട് ആർ.ജെ.ഡിയിൽ ചേർന്നത്. മുൻ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.കെ.ഗോപാലന്റെ മകനാണ് അനിൽകുമാർ.

പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ കഴിഞ്ഞ അഞ്ചു തവണയായി മത്സരിച്ച മണ്ഡലാണ് കല്പറ്റ. രണ്ട് തവണ വിജയിച്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചു. അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിയ സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി സ്ഥാനാർഥിയായയത്. മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായിട്ടാണ് താൻ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. താൻ മത്സരിക്കണമെന്ന് മുന്നണിയിൽ നിന്ന് നിർബന്ധം ഉണ്ടായിരുന്നു. ഇതിന് മുന്നണിയോട് നന്ദിയും കടപ്പാടും ഉണ്ടെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

കൂത്തുപറമ്പിൽ നിലവിലെ എം.എൽ.എ കെ.പി. മോഹനന്റെ സഹോദരപുത്രനാണ് പി.കെ.പ്രവീൺ. കഴിഞ്ഞ തവണ പാനൂർ നഗരസഭാ കൗൺസിലറായിരുന്നു. രണ്ടു തവണ പാനൂർ പഞ്ചായത്തംഗവുമായിട്ടുണ്ട്. നാലു വർഷം യുവജനതാദൾ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. കേരഫെഡ്, യുണൈറ്റഡ് ഇലക്ട്രിക് ഇൻഡസ്ട്രീസ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിലെ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടറാണ്. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റാണ് എം.കെ.ഭാസ്‌കരൻ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!