ഡോ. കെ എൻ പണിക്കർ വിടവാങ്ങി

Share our post

തിരുവനന്തപുരം : ആധുനിക ഇന്ത്യയുടെ ചരിത്രകാരൻമാരിൽ പ്രമുഖനായ ഡോ. കെ എൻ പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ മതനിരപേക്ഷതയുടെ കാവലാളായാണ് ചരിത്രം കെ എൻ പണിക്കരെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ​ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങൽ.

ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടന്നുവരവിനെയും, അതിന്റെ പ്രത്യയശാസ്ത്ര മേൽക്കോയ്മയ്ക്കായുള്ള നീക്കങ്ങളെയും വസ്തുനിഷ്ഠ ചരിത്ര രചനയിലൂടെ ചെറുത്ത ഡോ. കെ എൻ പണിക്കർക്ക് ഇതിൻറെ പേരിൽ വർഗീയ ശക്തികളിൽ നിന്ന് ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു.

ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ എൻ പണിക്കർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഡൽഹി ജെഎൻയുവിൽ ദീർഘകാലം അധ്യാപകനായിരുന്നു.

സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. മക്കൾ : രാഗിണി, ശാലിനി. മരുമക്കൾ : പീതാംബർ, ആർ വി രാമൻ.

* 1936 ൽ ഗുരുവായൂർ തൈക്കാട് കണ്ടിയൂർ കുടുംബത്തിൽ ജനനം.

* അച്ചൻ കുഞ്ഞുപറമ്പിൽ കൃഷ്‌ണൻ നായർ. അമ്മ കണ്ടിയൂർ ഇപ്പുകട്ടിയമ്മ.

* കണ്ടിയൂർ നാരായണ പണിക്കർ എന്നാണ് മുഴുവൻ പേര്.

* സ്കൂ‌ൾ പഠനം ചാവക്കാട് ബോർഡ് ഹൈസ്‌കൂളിൽ

* ബിരുദപഠനം – പാലക്കാട് വിക്ടോറിയ കോളെജിൽ ബിരുദപഠനകാലത്ത് കോളജ് യൂണിയൻ ചെയർമാനായിരുന്നു.

* ബിരുദാനന്തരപഠനവും പി.എച്ച്.ഡിയും ജയ്‌പൂരിലെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നായിരുന്നു.

* രാജസ്ഥാൻ യൂണിവേഴ്‌സിറ്റി, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ അധ്യാപകൻ.

* ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹൻസ് രാജ്കോളെജിൽ ലക്‌ചറർ ആയി ജോലി ചെയ്തു.

* 1972 മുതൽ ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ, വകുപ്പധ്യക്ഷൻ, സോഷ്യൽ സയൻസസ് ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

* വിവിധ വിദേശസർവകലാശാലകളിൽ ഫെലോ ആയും വിസിറ്റിംഗ് പ്രൊഫസർ ആവും സേവനമനുഷ്‌ഠിച്ചു.

* 2001 മുതൽ 2017 വരെ കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ.

* 2008 ൽ ഇന്ത്യൻ ചരിത്രകോൺഗ്രസ് അധ്യക്ഷനായി.

* 2000-2001 ൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസിലർ.

* 2007-2011 കാലയളവിൽ കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനായിരുന്നു.

* കേരള ചരിത്ര കോൺഗ്രസ്സിൻ്റെ സ്ഥാപകാധ്യക്ഷനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!