മുസ്ലിംലീഗ് യുഡിഎഫ് വിടാൻ ആഗ്രഹിച്ചു: വി ഡി സതീശൻ
തിരുവനന്തപുരം: 2021ൽ മുസ്ലിംലീഗ് യുഡിഎഫ് വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവായി വി ഡി സതീശൻ ചുമതലയേറ്റ കാലത്തെ യുഡിഎഫിന്റെ അവസ്ഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുമ്പോഴാണ് മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗിന്റെ വിശ്വാസ്യത തകർക്കുന്ന പരാമർശം നടത്തിയത്. അഭിമുഖത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കുത്തുണ്ട്. കെ സി വേണുഗോപാൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എംപിമാർ മത്സരിക്കുന്നുണ്ടോ എന്നത് ഹൈക്കമാന്റ് പറയും എന്നാണ് സതീശന്റെ മറുപടി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കരുത് എന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരിക്കെയാണ് അതിൽ പിടിച്ചുള്ള സതീശന്റെ മറുപടി.
യുഡിഎഫ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് സതീശന്റെ മറുപടി ഇങ്ങനെ–‘ കുഴയ്‌ക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. ഞാനൊരു കാലത്തും എന്തെങ്കിലും സ്ഥാനത്തിനായി പ്രവർത്തിച്ച ആളല്ല. 2012ൽ ഞാൻ പ്രതിപക്ഷ നേതാവായി വരുന്ന കാലത്തെ അവസ്ഥ നിങ്ങൾക്കറിയാമല്ലൊ. സത്യം പറഞ്ഞാൽ മുസ്ലിംലീഗുപോലും യുഡിഎഫിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിച്ച കാലം. ഇപ്പോൾ എല്ലാം മാറിയില്ലേ…’ സതീശന്റെ ഇൗ മറുപടി ലീഗിനെ ഉന്നമിട്ടുള്ളതുകൂടിയാണ്.
ഇത് ആദ്യമായല്ല വി ഡി സതീശൻ ലീഗിനെതിരെ രംഗത്ത് വരുന്നത്. അഞ്ചാം മന്ത്രി സ്ഥാന വിവാദ കാലത്ത് കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കുന്നതാണ് അഞ്ചാം മന്ത്രിസ്ഥാനം എന്നായിരുന്നു സതീശൻ പരസ്യമായി പറഞ്ഞത്. യുഡിഎഫ് സർക്കാർ മലബാറിൽ 32 സ്‌കൂളുകൾക്ക് അംഗീകാരം നൽകിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്‌എസുമായി അടുത്ത ബന്ധം പുലർത്തുന്ന സതീശന്റെ ഇത്തരം പരാമർശങ്ങളെ ലീഗ് അണികൾ സംശയത്തോടെയാണ് നോക്കി കാണുന്നത്.
കെ സി വേണുഗോപാൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ–‘ അതെല്ലാം എഐസിസി തീരുമാനിക്കേണ്ടതാണ്. എംപിമാർ മത്സരിക്കുന്നുണ്ടോ, ആരൊക്കെ മത്സരിക്കുന്നുണ്ടോ എന്നെല്ലാം ഹൈക്കമാന്റ് പറയും’ താൻ മത്സരിക്കുന്നുണ്ടെങ്കിൽ അതെന്റെ സ്വന്തം മണ്ഡലത്തിലാകും എന്നും സതീശൻ പറയുന്നു.
