പപ്പായ വിത്ത് നിസ്സാരക്കാരനല്ല; നിരവധി ഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്, അറിയാതെ പോകരുത്!
പപ്പായയുടെ തൊലിക്കൊപ്പം അതിന്റെ വിത്തും ഉപേക്ഷിക്കാറാണല്ലോ പതിവ്. എങ്ങാനും അബദ്ധത്തില്‍ ചവച്ചാല്‍ നല്ല ചവര്‍പ്പാണ് താനും. ഇത് കൊണ്ടൊക്കെ തന്നെ പപ്പായയുടെ വിത്ത് നമ്മളൊരു ഭക്ഷണമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഈ കുഞ്ഞൻ കറുത്ത വിത്തുകള്‍ക്ക് പല തരത്തിലുള്ള ഔഷധഗുണങ്ങളും പോഷണവുമുണ്ടെന്ന് ജേണല്‍ ഓഫ് ഫാര്‍മകോഗ്നസി ആന്‍ഡ് ഫൈറ്റോകെമിസ്‌ട്രിയില്‍ പ്രസിദ്ധീകരിച്ച 2017ലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇനി പറയുന്ന ഏഴ് ആരോഗ്യ ഗുണങ്ങളാണ് പപ്പായ വിത്തുകള്‍ക്കുള്ളത്.
പപ്പായ വിത്തില്‍ നിന്നെടുത്ത സത്ത് ഇ.കോളി, സാല്‍മണെല്ല, സ്‌റ്റഫിലോകോക്കസ് തുടങ്ങിയ ഹാനികരങ്ങളായ ബാക്ടീരിയയെ നശിപ്പിക്കുമെന്ന് ലാബ് പഠനങ്ങള്‍ തെളിയിക്കുന്നു. പപ്പായ വിത്തിലുള്ള ബെന്‍സൈല്‍ ഐസോതിയോസയനേറ്റ് സംയുക്തമാണ് ഈ ആന്റി ബാക്ടീരിയല്‍ ശേഷി നല്‍കുന്നത്.
2. കുടലിലെ പരാന്നജീവികളോട് പോരാടും
ഉണക്കിയ പപ്പായ വിത്തുകള്‍ തേനില്‍ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
വൈറ്റമിന്‍ സി പോലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും പപ്പായ വിത്തിനുണ്ട്. ചില പരിശോധനകളില്‍ വൈറ്റമിന്‍ സിക്ക് മുകളിലും ആന്റി ഓക്‌സിഡന്റ് സ്വാധീനം ഈ വിത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
4. ദഹനാരോഗ്യത്തിന് നല്ലത്
പപ്പൈയ്‌ന്‍ പോലുള്ള രസങ്ങള്‍ അടങ്ങിയ പപ്പായ വിത്ത് പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ദഹനവുമായി ബന്ധപ്പെട്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക് പപ്പായ വിത്ത് ഇതിനാല്‍ തന്നെ ഉപയോഗപ്പെടുത്താം. അള്‍സറിനെതിരെയും ഇത് പ്രവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്നു.
5. അമീബയ്‌ക്കെതിരെയും പോരാടും
എന്റമീബ ഹിസ്‌റ്റോളിറ്റിക്ക എന്ന അമീബയ്‌ക്കെതിരെയും പപ്പായ വിത്തിന്റെ സത്ത് പ്രവര്‍ത്തിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
6. കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും സ്വാധീനിക്കും
ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത് എന്നിവ കുറയ്‌ക്കാന്‍ പപ്പായ വിത്തിന് സാധിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഐസോതിയോസയനേറ്റുകള്‍, ലൈകോപീന്‍, ഫെനോളിക്‌സ് പോലുള്ള ബയോആക്ടീവ് സംയുക്തങ്ങളും പപ്പായ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ചില തരം അര്‍ബുദ കോശ വളര്‍ച്ചയെ തടയുമെന്നും കരുതപ്പെടുന്നു. എന്നാല്‍ മനുഷ്യരില്‍ ഇത് സംബന്ധിച്ച പഠനം നടത്തിയിട്ടില്ല.
എല്ലാവർക്കും പപ്പായവിത്ത് കഴിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഗർഭിണികൾ. കഴിക്കേണ്ടുന്ന അളവും ശ്രദ്ധിക്കേണ്ടതായുണ്ട്. ഉണക്കി പൊടിച്ചാണ് പലരും സ്മൂത്തികളിലും മറ്റും ചേർത്ത് കഴിക്കുന്നത്. ശീലമാക്കും മുൻപ് ഒരു ഡോക്ടറിനെയോ ഡയറ്റീഷ്യനെയോ തീർച്ചയായും കണ്ട് അഭിപ്രായം തേടേണ്ടതാണ്.
