നഷ്ടപരിഹാരം നൽകാതെ വനം വകുപ്പ് ഉരുണ്ടുകളിച്ചു; ഫോറസ്റ്റ് സഫാരിയുടെ വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

Share our post

സുൽത്താൻബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയതിനെക്കാൾ കൂടുതൽ തുക നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ പിടിച്ചെടുത്ത് സുൽത്താൻ ബത്തേരി കോടതി.

വയനാട് വന്യജീവിസങ്കേതത്തിൽ മുത്തങ്ങയിൽ വനത്തിനുള്ളിലെ സഫാരിക്ക് ഉപയോഗിക്കുന്ന രണ്ട് മിനിബസുകളാണ് ചൊവ്വാഴ്ച ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) നിർദേശത്തെത്തുടർന്ന് പിടിച്ചെടുത്തത്. 2014-ൽ സൗത്ത് വയനാട് ഡിവിഷനിൽ ചെതലയത്ത് റെയ്ഞ്ചിൽ ഉൾപ്പെടുന്ന വാകേരി കൂടല്ലൂരിൽ താഴേടത്ത് രജീഷാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത

വനംവകുപ്പ് നൽകിയ ആറുലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ച് രജീഷിന്റെ മാതാവ് സെലീന ബത്തേരി കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിച്ച കോടതി അഞ്ചുലക്ഷം രൂപ കൂടി നൽകാൻ 2021-ൽ ഉത്തരവിട്ടിരുന്നു. ഈ തുക നൽകാത്തതിനാൽ കോടതിവിധി നടപ്പാക്കൽ ഹർജിയിൽ വനംവകുപ്പിന്റെ രണ്ടുവാഹനങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞവർഷം ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു.

അന്ന് ഈ വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ തുക നൽകാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിധി നടപ്പാക്കിയിരുന്നില്ല. മാസങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരത്തുക നൽകാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച രണ്ട് ബസുകൾ കോടതി പിടിച്ചെടുത്തത്.

പരാതിക്കാരിക്കായി അഭിഭാഷകൻ കെ.ജെ. വിജയകുമാറാണ് കോടതിയിൽ ഹാജരായത്. നഷ്ടപരിഹാരത്തുക വർധിപ്പിച്ചുനൽകണമെന്ന വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അറിയിച്ചു.

മുത്തങ്ങയിൽ വിനോദസഞ്ചാരികളെ വനത്തിനകത്തേക്ക് സവാരിക്ക് കൊണ്ടുപോകുന്ന നാലു ബസുകളിൽ രണ്ടെണ്ണമാണ് പിടിച്ചെടുത്തത്. കേസിൽ സ്റ്റേലഭിക്കുന്ന മുറയ്ക്ക് വാഹനങ്ങൾ വിട്ടുകിട്ടുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!