യുദ്ധഭീഷണി: സൗദി കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു; ജീവനക്കാർക്കു പുറത്തിറങ്ങാൻ അനുമതി ഇല്ല

Share our post

കൊല്ലം ∙ പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കു പോവുകയായിരുന്ന കപ്പൽ കൊല്ലം തുറമുഖത്തു നങ്കൂരമിട്ടു. സൗദിയിലെ സീ–ഈദ് കമ്പനിക്കുവേണ്ടി ചൈനയിൽ നിർമിച്ച കപ്പൽ റാഫ് തനൂറ തുറമുഖത്തേക്കു പോകുന്നതിനിടെയാണു കൊല്ലത്ത് സുരക്ഷിത താവളം തേടിയത്. വലിയ കപ്പലുകളെ ഉൾക്കടലിൽ നിന്നു കെട്ടിവലിച്ചു തുറമുഖത്ത് അടുപ്പിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന കപ്പൽ ആണിത്.

സാക്കി വിഷൻ എന്നു പേരുള്ള കപ്പലിന് 48 മീറ്റർ നീളും 3.5 മീറ്റർ ഡ്രാഫ്റ്റും ഉണ്ട്. 12 ജീവനക്കാർ കപ്പലിൽ ഉണ്ട്. ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ ഉള്ളവരാണ് കപ്പൽ ജീവനക്കാർ. കപ്പലിന് നങ്കൂരം ഇടാൻ അനുമതി നൽകിയെങ്കിലും ജീവനക്കാർക്കു പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടില്ല. ഇവർ കപ്പലിൽ തുടരും.കപ്പൽ, ശ്രീലങ്ക പിന്നിട്ടപ്പോഴാണ് പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കു വഴിയുള്ള യാത്ര പ്രതിസന്ധിയിലാവുകയും ചെയ്തത്. തുടർന്നു പാക്സ് ഷിപ്പിങ് ഏജൻസിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നങ്കൂരമിടാ‍ൻ അനുമതി തേടുകയായിരുന്നു. പോർട്ട് ഓഫിസറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കസ്റ്റംസ്, ഇമിഗ്രേഷൻ അനുമതി നേടിയാണ് തുറമുഖത്ത് കപ്പൽ അടുത്തത്.

മറ്റു രണ്ട് ചരക്കു കപ്പൽ കൂടി നങ്കൂരമിടാ‍ൻ ഷിപ്പിങ് ഏജൻസിയുടെ സഹായം തേടിയിരുന്നു. അവ മംഗലാപുരം പിന്നിട്ടതിനാൽ മുംബൈ തുറമുഖത്തേക്കു വിട്ടു.സീ– ഈദ് കമ്പനിക്കു വേണ്ടി ചൈനയിൽ നിർമിച്ചു സൗദിയിലേക്കു കൊണ്ടുപോകുന്നതിന് ഇടയിൽ സാക്കി ഐക്കൻ എന്ന ഓഫ്ഷോർ കപ്പലിന്റെ യന്ത്രത്തിൽ വലയും കയറു കുരുങ്ങിയതിനെ തുടർന്ന് അവ നീക്കം ചെയ്യാൻ അടുത്തിടെ കൊല്ലം തുറമുഖത്ത് അടുത്തിരുന്നു. അതേ കമ്പനിക്കു വേണ്ടി നിർമിച്ച, അതേ വിഭാഗത്തിൽപെട്ട കപ്പലാണ് ആഴ്ചകളുടെ ഇടവേളയ്ക്കിടയിൽ കൊല്ലത്ത് നങ്കൂരമിട്ടത്. സംഘർഷത്തിന് അയവുണ്ടാകുന്നതു വരെ കപ്പൽ കൊല്ലത്ത് ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!