‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യാം; സ്റ്റേ നീക്കി ഡിവിഷന്‍ ബെഞ്ച്
കൊച്ചി: വിദ്വേഷ സിനിമ ‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചു. പൊതുതാല്‍പര്യ സ്വഭാവമുള്ള ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് പി.വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗം അല്ലന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ചിത്രം പ്രദര്‍ശനാര്‍ഹം ആണെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
