കോടികൾ പിരിച്ചു,19 മാസം പിന്നിട്ടപ്പോൾ ഒരു കല്ല് മാത്രം ഇട്ടു;രാഹുലും പ്രിയങ്കയും നയാപൈസ നൽകിയില്ല
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കുന്നതിന് പകരം, ഈ മഹാദുരന്തത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗമായി കാണുന്ന കോൺഗ്രസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങളാണ് കോൺഗ്രസ് ഇവിടെ പയറ്റുന്നത്. ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് കോടികൾ പിരിച്ചെടുക്കുകയും എന്നാൽ 19 മാസം പിന്നിട്ടപ്പോൾ ഒരു കല്ല് മാത്രം ഇട്ട് ജനങ്ങളെ വഞ്ചിക്കുകയുമാണ് കോൺഗ്രസ് ചെയ്തത്. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന കല്ലിടൽ നാടകം ആർക്കും മനസ്സിലാകാത്തതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കർണാടക സർക്കാർ നൽകുന്ന ഔദ്യോഗിക സഹായം പോലും സ്വന്തം ഇടപെടലായി ചിത്രീകരിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദുരന്തത്തേക്കാൾ വലുത് പണമാണെന്നും ജനങ്ങളെ വഞ്ചിക്കുന്ന ഈ ‘കളക്ഷൻ’ രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ കണ്ണുനീരിൽ ലാഭം കൊയ്യാൻ നോക്കുന്നവർക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും മന്ത്രി അറിയിച്ചു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്ന 7 കോടിയുടെ കോഴ ആരോപണം അങ്ങേയറ്റം ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരായ പ്രവർത്തകർ ചോരനീരാക്കി പണിയെടുക്കുമ്പോൾ, ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരുന്ന് കോടികൾക്ക് സീറ്റ് കച്ചവടം നടത്തുന്നതാണ് കോൺഗ്രസ് ശൈലിയെന്നും ശിവൻകുട്ടി വിമർശിച്ചു.
എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ കോടതിയെ അവഹേളിക്കുന്ന പരാമർശങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ കർശന നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വർഗീയതയോ ഭരണഘടനാ സ്ഥാപന വിരുദ്ധതയോ കടത്തിവിടാൻ അനുവദിക്കില്ല. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
