കേരള പോലീസ് 34,000 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമകൾക്ക് സന്ദേശം അയച്ചു
നഷ്ടപ്പെട്ട മുപ്പത്തിനാലായിരം ഫോണുകൾ കണ്ടെത്തി കേരള പോലീസിന്റെ സൈബർ സെൽ. ഇതുസംബന്ധിച്ച് ഉടമകൾക്ക് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ് പോലീസ്. സി.ഇ.ഐ.ആർ. പോർട്ടലിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട് എന്നാണ് സന്ദേശം.
ഫോൺ വീണ്ടെടുക്കുന്നതിനായി ഉടൻതന്നെ പരാതി നൽകിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്നും കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പേരിൽ വന്ന സന്ദേശത്തിൽ പറഞ്ഞു. ഈ സന്ദേശം വ്യാജമല്ലെന്നും കേരള പോലീസ് അയച്ചതാണെന്നും മാതൃഭൂമി ന്യൂസ് സ്ഥിരീകരിച്ചു. സൈബർ വിങ് എസ്.പി.യുടെ നിർദേശപ്രകാരമാണ് ഇന്നുമുതൽ സന്ദേശം അയച്ചുതുടങ്ങിയത്.
കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വന്നിട്ടുള്ള ഫോൺ നഷ്ടപ്പെട്ടതായ പരാതികളിൽ പലതും തീർപ്പാകാതെ കിടക്കുകയായിരുന്നു. ഇവ കൈകാര്യം ചെയ്യുന്നതിനായി സൈബർ പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക ഡ്രൈവ് നടത്തി. ഇതിന്റെ ഭാഗമായാണ് ഫോണുകൾ കണ്ടെത്തിയത്. ഈ വിവരമാണ് പരാതിക്കാരെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഏകദേശം മുപ്പത്തിനാലായിരം ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. അത്രയും പരാതിക്കാർക്ക് പോലീസ് ഇപ്പോൾ സന്ദേശമയച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കൂട്ടത്തിൽ പമ്പ പോലീസ് സ്റ്റേഷനിൽ വന്ന രണ്ടായിരം പരാതികളിൽ ആയിരത്തിരുനൂറ് ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഉടമകളിൽ മിക്കവരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. കേരളത്തിൽ ഏകദേശം പന്ത്രണ്ടായിരം പേരുടെ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.
