ഇന്റർനാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ബുധനാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കണ്ണൂർ ∙ ഇന്റർനാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (ഐആർഐഎ) ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 25) രാവിലെ 10ന് കണ്ണൂർ കല്യാട് ഐആർഐഎ ക്യാംപസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കെ.കെ.ശൈലജ ടീച്ചർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.സുധാകരൻ എംപി, എം.വി.ഗോവിന്ദൻ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് ഐആർഐഎ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കണ്ണൂരിലെ കല്യാടിലുള്ള 300 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് ആദ്യഘട്ട നിർമാണം പൂർത്തിയായി. രാജ്യത്തിന് തന്നെ മാതൃകയായ ഈ ബൃഹത്തായ സ്ഥാപനത്തിന്റെ ആദ്യഘട്ടം 200 കോടി രൂപ ചെലവഴിച്ചാണ് സജ്ജമായിരിക്കുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്‌സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തിൽ സജ്ജമാവുന്നത്. ആയുർവേദത്തിന്റെ ശാസ്ത്രീയ മഹത്വവും പ്രായോഗിക പ്രയോജനങ്ങളും ഗവേഷണത്തിലൂടെ ലോക സമൂഹവുമായി പങ്കുവയ്ക്കുന്ന ഈ കേന്ദ്രം നാടിന്റെ അഭിമാനമാണ്.
ഇന്റർനാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന കൂടിയാണ്. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. നാൽപത്തിലധികം ദേശീയ, രാജ്യാന്തര ഇന്റർ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ ഇതിനകം തന്നെ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കാൻസർ, ഏജിങ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകും. മലബാർ കാൻസർ സെന്റർ ഗവേഷണവുമായി സഹകരിക്കും.
ആയുർവേദ ഗവേഷണത്തിലെ സുപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ഡിപ്പാർട്ട്മെന്റ് ഓഫ് ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷനൽ ആയുർവേദ, ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്‌സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്‌സ്, ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്ലേഷനൽ ഡ്രഗ് റിസർച്, ക്ലിനിക്കൽ എപ്പിഡെമിയോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഐസിടി സർവീസസ് എന്നീ വിഭാഗങ്ങൾ ഐആർഐഎയിൽ പ്രവർത്തിക്കും.
