കണ്ണൂർ നഗരത്തെ കുരുക്കി അനധികൃത പാർക്കിംഗ്
കണ്ണൂർ: മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം കാര്യക്ഷമമായിട്ടും നഗരത്തിൽ അനധികൃത വാഹന പാർക്കിംഗ് വർദ്ധിക്കുന്നു. കണ്ണൂർ പൊലീസ് മൈതാനിക്കടുത്ത കോർപ്പറേഷന്റെ മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം പൂർണ പ്രവർത്തന സജ്ജമായിട്ടും സമീപത്തെ പൊലീസ് മൈതാനത്തിന്റെ വശങ്ങളിൽപ്പോലും യഥേഷ്ടം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പൊലീസ് മൈതാനത്തിന് സമീപം ട്രാഫിക് പൊലീസ് പുതുതായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും അവിടെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.
പാർക്കിംഗ് കേന്ദ്രത്തിലെ നിരക്കിനെക്കുറിച്ചുള്ള അവ്യക്തതയും സമീപത്തെ അനധികൃത പാർക്കിംഗിന് കാരണമാവുന്നുണ്ട്.150 കാറുകൾ വരെ പാർക്ക് ചെയ്യാൻ സംവിധാനമുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം പ്രവർത്തന സജ്ജമായി മാസങ്ങൾ പിന്നിട്ടിട്ടും വാഹന പാർക്കിംഗ് ഫീസ് സംബന്ധിച്ച ഒരു ബോർഡ് പോലും കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടില്ല. നിരക്ക് സംബന്ധിച്ച വാഹന ഉടമകൾക്കുണ്ടാവുന്ന അവ്യക്തത നീക്കാൻ പാർക്കിംഗ് കേന്ദ്രത്തിന് മുൻവശത്ത് തന്നെ നിരക്ക് സംബന്ധിച്ച ബോർഡ് പ്രദർശിപ്പിക്കണമെന്ന ആവശ്യവും ഉയരുകയാണ്.നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്ന അനധികൃത പാർക്കിംഗിനെതിരെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗങ്ങളിൽ പോലും വ്യാപക പരാതികൾ ഉയരുന്നുണ്ടെങ്കിലും കർശന നടപടികൾ ഉണ്ടാവുന്നില്ലെന്ന ആരോപണവും ഉയരുകയാണ്നടപ്പാതകൾ വാഹനങ്ങൾ കൈയേറുന്നു
കാൽനട യാത്രക്കാർ സഞ്ചരിക്കേണ്ട നടപ്പാതകൾ വാഹനങ്ങൾ കൈയേറുന്നത് പതിവാകുന്നു. നടപ്പാതയുടെ മുകളിൽ ഇരുചക്ര വാഹനങ്ങളടക്കം നിർത്തിയിട്ട് തടസം സൃഷ്ടിക്കുന്നതായാണ് ആക്ഷേപം. ഇതുവഴി കടന്നുപോകുന്ന വിദ്യാർത്ഥികളും ജീവനക്കാരും റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പുതിയ ദേശീയപാത സർവീസ് റോഡിലടക്കം കാൽനട യാത്രക്കാരുടെ ദുരിതം തുടരുകയാണ്. വാഹനങ്ങളെ ഓാവർടേക്ക് ചെയ്യാൻ ചില വാഹനങ്ങൾ നടപ്പാത ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് അപകടമുണ്ടാകുന്നതിന് കാരണമാകും.
