മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

Share our post

കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകനേതാവുമായ മുകുൾ റോയ് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 1:30ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഡിമെൻഷ്യ രോഗബാധിതനായിരുന്ന റോയ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോമയിലായിരുന്നു. നിരവധി അസുഖങ്ങൾ ബാധിച്ച് കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്നു അദേഹം.

1998ൽ കൊൽക്കത്തയിൽ രൂപീകരിച്ച തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് മുകുൾ റോയ്. പിന്നീട്, പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2017ൽ അദേഹം ബിജെപിയിൽ ചേർന്നു. ഒരുകാലത്ത് മമത ബാനർജിയുടെ അടുത്ത സഹായിയും തൃണമൂൽ കോൺഗ്രസിന്റെ രണ്ടാമനുമായി കണക്കാക്കപ്പെട്ടിരുന്ന മുകുൾ റോയ് ബിജെപിയിൽ ചേർന്നത് പലരെയും അത്ഭുതപ്പെടുത്തി. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ നിന്ന് റോയ് എംഎൽഎയായി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അദേഹം ടിഎംസിയിലേക്ക് തന്നെ മടങ്ങിയെത്തി.

തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 2011ലെ രണ്ടാം യുപിഎ സർക്കാരിൽ അദേഹം റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുതവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2025ൽ, ടിഎംസിയിലേക്കുള്ള തിരിച്ചുവരവ് കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് വിധിച്ചുകൊണ്ട് കൽക്കട്ട ഹൈക്കോടതി അദേഹത്തെ നിയമസഭാംഗത്വം റദ്ധാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!