മോഷണ പരാതിയെ തുടര്ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃവീട്ടുകാർക്കെതിരെ കുടുംബം
കാസര്കോട്: മോഷണ പരാതിയിൽ പേര് പരാമർശിച്ചതിന്റെ പ്രയാസത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ മാതാവ്. കാസർകോട് ആലമ്പാടി നാൽത്തടുക്കയിലെ ജസീലയെ ഭർതൃവീട്ടുകാർ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നതായി ജസീലയുടെ മാതാവ് മുംതാസ് മീഡിയവണിനോട് പറഞ്ഞു. മോഷണ പരാതിക്ക് പിന്നിലും ഭർതൃവീട്ടുകാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും മുംതാസ് പറഞ്ഞു.
2018ലായിരുന്നു ജസീലയുടെ വിവാഹം. കാസർകോട് ബോക്കാനം അമ്മങ്കോട് സ്വദേശി അമീറാണ് ഭർത്താവ്. 5 പവൻ സ്വർണം സ്ത്രീധനമായി നൽകി. ആ സ്വർണം ഭർതൃവീട്ടുകാർ എടുത്തു പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് മകളെ പ്രയാസപ്പെടുത്തിയിരുന്നതായി ജസീലയുടെ മാതാവ് മുംതാസ് പറയുന്നു.
കഴിഞ്ഞ നാല് വർഷമായി ജസീല മാതാവിനൊപ്പം ആലംപാടി നാൽത്തടുക്കയിലാണ് താമസം. സുഹൃത്തായ ബോവിക്കാനം സ്വദേശി അഫ്രീദിൻ്റെ വീട്ടിൽ നിന്നും ഒൻപതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയെ തുടർന്ന് അത് അന്വേഷിക്കാൻ ആലംപാടി നാൽത്തടുക്കയിലെ വീട്ടിൽ എത്തിയത് സുഹൃത്ത് അഫ്രീദിൻ്റെയും ഭർത്താവ് അമീറിൻ്റെയും വീട്ടുകാർ ഒന്നിച്ചാണ്.
അഫ്രീദിൻ്റെ വീട്ടിലെ മോഷണപരാതിക്ക് പിന്നിൽ ഭർത്താവിൻ്റെ വീട്ടുകാർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി മുംതാസ് പറയുന്നു. ജസീല സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് അഫ്രീദുമായി സൗഹൃദത്തിലായത്. ഒന്നിച്ച് ഒരു ഫാൻസി കട തുടങ്ങാൻ എന്ന പേരിൽ ജസീലയുടെ 2 പവൻ അഫ്രീദ് കൈക്കലാക്കിയിരുന്നതായും കുടുംബം ആരോപിക്കുന്നു. അതിന് ശേഷമാണ് വീട്ടിൽ നിന്ന് സ്വർണം മോഷണം പോയെന്നെ പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിൻ്റെ സംശയം.
