ലിവർ സിറോസിസ് : ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ
ചർമത്തിൽ പ്രകടമാകുന്ന പല ലക്ഷണങ്ങളും ലിവര്‍ സിറോസിസിന്റെ സൂചനയാകാം. ലിവര്‍ സിറോസിസ് എല്ലായ്പ്പോഴും വേദനയോടെയാകില്ല തുടങ്ങുന്നത്. പലപ്പോഴും ചർമത്തിലും നഖങ്ങളിലും ഒക്കെയാകും ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത്.
∙ ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം ചർമത്തിലെ കണ്ണുകളിലോ പ്രത്യക്ഷമാകുന്ന മഞ്ഞനിറം അപകടസൂചനയാണ്. കരളിന് ശരിയായി പ്രവർത്തിക്കാനാകാത്തതു മൂലം രക്തത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതു കൊണ്ടാണ് മഞ്ഞനിറം ഉണ്ടാകുന്നത്.
∙ തുടർച്ചയായ ചൊറിച്ചിൽ കഠിനമായ ചൊറിച്ചിൽ, പ്രത്യേകിച്ച് രാത്രിയിൽ, വരുന്നത് ലിവർ സിറോസിസിന്റെ ആദ്യലക്ഷണമാകാം. ചർമത്തിനടിയിൽ ബൈൽ സോൾട്ട് അടിഞ്ഞു കൂടുന്നതുകൊണ്ടാണ് ചൊറിച്ചിലുണ്ടാകുന്നത്.
∙ ചതവ്ചർമത്തിൽ ചതവും നീലിച്ച നിറവും മൂക്കിൽ നിന്ന് രക്തം വരുകയും ചെയ്യും. കേടുപാട് ബാധിച്ച കരൾ രക്തം കട്ട പിടിക്കുന്ന പ്രോട്ടീനുകൾ വളരെ കുറച്ചു മാത്രം ഉൽപാദിപ്പിക്കുന്നതു മൂലം ശരീരത്തിൽ ബ്ലീഡിങ്ങ് ഉണ്ടാവാം
∙ ഇരുണ്ടപാടുകളും നഖത്തിനുണ്ടാകുന്ന മാറ്റങ്ങളും ചര്‍മത്തിൽ പിഗ്മെന്റേഷനും നഖത്തിന് നിറം മാറ്റവും സിറോസിസ് മൂലം ഉണ്ടാവാം. നഖം വിളറുകയും പൊട്ടലുകൾ ഉണ്ടാവുകയും ചെയ്യും. ശരീരത്തിനുണ്ടാകുന്ന മെറ്റബോളിക് സ്ട്രെസ്സിന്റെ സൂചനയാണിത്.
∙ ചർമത്തിൽ ചുവന്ന പാടുകൾ സ്പൈഡർ ആൻജിയോമാസ് എന്ന് വിളിക്കുന്ന, എട്ടുകാലി വല പോലെ തോന്നിക്കുന്ന ആകൃതിയിൽ ഞരമ്പുകൾ ചുവപ്പുനിറത്തിൽ കാണപ്പെടാം. സാധാരണ മുഖം, കഴുത്തുകൾ, നെഞ്ച് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ പാടുകൾ കാണപ്പെടുന്നത്. കരളിന്റെ പ്രവർത്തനത്തകരാർ മൂലം ഉണ്ടാകുന്ന ഹോർമോൺ അസന്തുലനമാണ് ഇതിന് കാരണം.
∙ ക്ഷീണം, വീക്കം, മെന്റൽ ഫോഗ് ,ചർമത്തിനുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം കടുത്ത ക്ഷീണം, വയറ്റിൽ നീര്, കാലിൽ വീക്കം, വിശപ്പില്ലായ്മ, കൺഫ്യൂഷൻ അഥവാ ആശയക്കുഴപ്പം ഇവയും ഉണ്ടാവുകയാണെങ്കിൽ കരളിന്റെ പ്രവർത്തനത്തകരാറിന്റെ സൂചനയാണ്. ലിവര്‍ സിറോസിസ് വളരെ സാവധാനത്തിലേ മൂർച്ഛിക്കുകയുള്ളൂ. രോഗം വളരെ നേരത്തെ തിരിച്ചറിയുന്നത് രോഗം കൂടുന്നത് സാവധാനത്തിലാക്കാനും സങ്കീർണതകൾ തടയാനും സഹായിക്കും. ശരീരം തുടർച്ചയായ സൂചനകൾ നൽകുകയാണെങ്കിൽ അവയെ അവഗണിക്കരുത്. ഉടനടി വൈദ്യസഹായം തേടണം.
