ഹെർണിയയുടെ കാരണങ്ങൾ; വയറിലെ മസിലുകളെ ദുർബലമാക്കുന്ന ഏഴ് ശീലങ്ങൾ
വീക്കമോ വേദനയോ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ ഹെർണിയ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. എന്നാൽ, വേദനയോ വീക്കമോ കാണപ്പെടുമ്പോൾ മാത്രമാണ് നമ്മൾ ഹെർണിയയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. അടിവയറ്റിലെ പേശികൾ ദുർബലമാകുമ്പോൾ ആന്തരിക കലകൾ വീർക്കുകയും ദുർബലമായ പേശികളിലൂടെ പുറത്തേക്ക് തള്ളി നിൽക്കുകയും ചെയ്യുന്നു. വിവിധ തരത്തിലുള്ള ഹെർണിയകൾക്ക് ഇത് കാരണമാകും. മിക്കപ്പോഴും വളരെ പതിയെയാണ് ഒരു ഹെർണിയ രൂപം കൊള്ളുന്നത്. ഏതെങ്കിലും തരത്തിലുള്ള വേദനയോ വീക്കമോ പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ ഹെർണിയ ശരീരത്തിൽ രൂപം കൊള്ളുന്നുണ്ട്.
ഹെർണിയയ്ക്ക് കാരണമാകുന്ന ശീലങ്ങൾ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് പിടി കൂടപ്പെടുന്ന ഒരു അസുഖമല്ല ഹെർണിയ. നമ്മുടെ ജീവിതശൈലി കൊണ്ടും ഭക്ഷണരീതി കൊണ്ടുമൊക്കെ പതിയെ പതിയെ എത്തിച്ചേരുന്ന ഒരു അസുഖമാണ് ഇത്. അതുകൊണ്ടു തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ പേശികളെ സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഹെർണിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
തെറ്റായ രീതിയിലുള്ള ഇരിപ്പും നിൽപ്പും തെറ്റായ രീതിയിലുള്ള ഇരിപ്പ് ഹെർണിയയ്ക്ക് കാരണമാകും. കുനിഞ്ഞിരിക്കുകയോ ലോവർ ബാക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയിലോ ആണെങ്കിൽ വയറിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന് അത് കാരണമാകും. ഇത്തരത്തിൽ ദീർഘകാലം തെറ്റായ രീതിയിൽ ഇരിക്കുന്നത് ശരീരത്തിൻ്റെ പ്രധാനപ്പെട്ട പേശികളെ ദുർബലമാക്കും. ആന്തരിക അവയവങ്ങളെ പിന്തുണയ്ക്കാനുള്ള കഴിവിനെ ഇത് ദുർബലപ്പെടുത്തുകയും അത് ഹെർണിയയ്ക്ക് കാരണമാകുകയും ചെയ്യും.
വിട്ടുമാറാത്ത മലബന്ധം വിട്ടുമാറാത്ത മലബന്ധവും വയറിൽ നിന്ന് പോകുന്നതിനു വേണ്ടി അമിതമായി ആയാസം എടുക്കുന്നതും ഹെർണിയയ്ക്ക് കാരണമാകും. കാരണം മലവിസർജ്ജനം നടത്തുമ്പോൾ വലിയ സമ്മർദ്ദം ഉപയോഗിക്കുന്നത് ഈ പേശികൾക്ക് വളരെയധികം ജോലിഭാരത്തിന് കാരണമാകുന്നു. ഇത്തരത്തിൽ നിരന്തരം വലിയ ആയാസം എടുക്കുന്നത് പേശി നാരുകളെ ദുർബലപ്പെടുത്തുകയും ഹെർണിയ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വ്യായാമം ഇല്ലാത്തത് വ്യായാമം ജീവിതശൈലിയിൽ നിന്ന് ഒഴിവാക്കുന്നതും ഹെർണിയയ്ക്ക് കാരണമാകും. ആവശ്യത്തിനുള്ള വ്യായാമം ഇല്ലെങ്കിൽ പേശികൾ ദുർബലമാകും. ദുർബലമായ പേശികൾ ആണെങ്കിൽ പലപ്പോഴും സാധനങ്ങൾ ഉയർത്തുന്നതു പോലെയുള്ള ചെറിയ ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇത്തരത്തിൽ വ്യായാമം ഇല്ലാതെ ആയാസകരമായ ജോലികൾ ചെയ്യുന്നതും ഹെർണിയയ്ക്ക് കാരണമാകും.
ഭാരമുള്ള വസ്തുക്കൾ തെറ്റായ രീതിയിൽ ഉയർത്തുന്നത് ഭാരമുള്ള വസ്തുക്കൾ തെറ്റായ രീതിയിൽ ഉയർത്തുന്നതും അടിവയറിലെ ഭിത്തികളെ മോശമായി ബാധിക്കും. മിതമായ ഭാരമാണ് സ്ഥിരമായി ഉയർത്തുന്നതെങ്കിലും അത് ശരിയായ രീതിയിൽ ചെയ്യുന്നില്ല എങ്കിൽ ആരോഗ്യത്തെ ദോഷമായി ബാധിക്കും.
വിട്ടുമാറാത്ത ചുമ, തുമ്മൽ പുകവലി, അലർജി എന്നിവ മൂലം വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ തുമ്മൽ ഉണ്ടാകുന്നത് വയറിലെ മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകുന്നു. എപ്പോഴും മുന്നോട്ടും പിന്നോട്ടുമുള്ള ഈ ചലനം വയറിലെ ഭിത്തിയെ ദുർബലപ്പെടുത്തുകയും അത് ഹെർണിയയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
വയറിലെ അധികഭാരം വയറിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വയറിലെ പേശികളിൽ തുടർച്ചയായ സമ്മർദ്ദം ചെലുത്തുന്നു. ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പിരിമുറുക്കം പേശിപാളികൾ വലിച്ചു നീട്ടപ്പെടാനും ദുർബലമാകാനും കാരണമാകുന്നു. ഇത്തരത്തിൽ പേശികളിൽ വലിയുന്നത് അവയവങ്ങൾ യഥാസ്ഥാനത്ത് നിലനിർത്താൻ തടസ്സം സൃഷ്ടിക്കുന്നു.
ഭാരം ഉയർത്തുമ്പോൾ ശ്വാസം പിടിക്കുന്നത് അറിഞ്ഞോ അറിയാതെയോ പലരും ഭാരം ഉയർത്തുമ്പോൾ ശ്വാസം പിടിക്കാറുണ്ട്. ചിലർ വ്യായാമം ചെയ്യുമ്പോഴും കൂടുതൽ ആയാസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ശ്വാസം പിടിച്ചു വെക്കാറുണ്ട്. ഇത് പലപ്പോഴും വയറിനുള്ളിൽ മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും വയറിലെ പേശികളിൽ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു.
