മലബാർ മിസ്റ്ററി’യുടെ പേര് മാറുന്നോ? സർക്കാർ ബ്രാൻഡിയുടെ പുതിയ പേര് ഇങ്ങനെ

Share our post

തിരുവനന്തപുരം: സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡിക്ക് ‘മലബാർ മിസ്റ്ററി’ എന്നായിരുന്നു പേരിട്ടത്. എന്നാൽ ഈ പേര് മാറ്റുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.പുതിയ ബ്രാൻഡിക്ക് പേര് നിർദേശിക്കാനായി നടത്തിയ മത്സരത്തിൽ വന്ന പേരുകളിലൊന്നായിരുന്നു മലബാർ മിസ്റ്ററി. എന്നാൽ മദ്യത്തിന് പേര് നിർദേശിക്കാനായി മത്സരം നടത്തിയതിൽ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നതിനാലാണ് പേര് മാറ്റാനുള്ള തീരുമാനത്തിലേക്ക് ബെവ്‌കോ എത്തിയിരിക്കുന്നത്. ഹർജിയിൽ വാദം നടക്കവേ കോടതി ഇതിനെ വിമർശിക്കുകയും ചെയ്തിരുന്നു.

മിന്നൽ മാജിക്’ എന്ന പേരാണ് ബെവ്‌കോ സ്വന്തം നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ചുരുക്കരൂപമായി എം എം ബ്രാൻഡി എന്ന് അറിയപ്പെടും. ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇതിനെതിരെ കോടതിയിൽ ഹർജി വന്നത്. പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

പാലക്കാട്ടെ മലബാർ ഡിസ്റ്റലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സർക്കാർ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാൽ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പരസ്യം നൽകിയത് തങ്ങളല്ലെന്ന് ബെവ്‌കോ വ്യക്തമാക്കി. തുടർന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തിരുന്നു.

വിഷയത്തിൽ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ(ബെവ്‌കോ) കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടൽ മത്സരത്തെക്കുറിച്ച് തങ്ങൾക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാർ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി. എല്ലാ നിയമനടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 12ലേക്ക് മാറ്റിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!