കേരളത്തിലെ എല്ലാ പൗരന്മാർക്കും ‘നേറ്റിവിറ്റി കാർഡ്’; ബില്ലിന് അംഗീകാരം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കൊണ്ടുവന്ന കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. സർക്കാർ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഏതെല്ലാം സാഹചര്യങ്ങളിൽ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാവുന്നതാണ് എന്ന് സർക്കാരിന് വിജ്ഞാപനമിറക്കാവുന്നതാണ്.
നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടർക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണൽ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാൽ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസം നൽകാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല.
