സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

Share our post

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. കൊലയാളി സ്വത്തവകാശം നേടുന്നതിനെ കോടതിക്ക് തടയാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വത്തവകാശ നിയമം ഇത്തരം കേസുകളില്‍ ബാധകമല്ല. നിയമതത്വം ബാധകമാക്കുന്നത് കൊലയാളിയുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ സ്വത്തിന് പ്രതിക്ക് അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ജസ്റ്റിസ് എസ് ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

1996ലായിരുന്നു ക്രിസ്ത്യന്‍ മതവിശ്വാസികളായ സ്ത്രീയുടെയും പുരുഷന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഇവര്‍ ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. 1997ലായിരുന്നു സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു.

ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ ക്ലെയിം ചെയ്തു. എന്നാല്‍ സ്വത്തവകാശം ഭര്‍ത്താവിന് ആണെന്ന് ആയിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും വിധി. ഇതിനെതിരെ സ്ത്രീയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!