കിടന്ന് ഫോൺ നോക്കാറുണ്ടോ? ഉപ്പിന്റെ ഉപയോഗം കൂടുതലാണോ? ഹൃദയാരോഗ്യം നശിപ്പിക്കുന്ന ശീലങ്ങൾ അറിയാം!
ദശാബ്ദങ്ങളായി ലോകത്ത് ഹൃദ്രോഗം മൂലം മരണമടയുന്നവർ അനവധിയാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഹൃദയാഘാതം വർധിച്ചു വരുകയാണ്. ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ചില ശീലങ്ങൾ ഉണ്ട്. ഇവ ഒഴിവാക്കിയാൽ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ദീർഘായുസ് ലഭിക്കുകയും ചെയ്യും. ഹൃദയാരോഗ്യം നിലനിർത്താൻ ഒഴിവാക്കേണ്ട ശീലങ്ങൾ ഏതൊക്കെ എന്നറിയാം.
അമിതമായ അളവിൽ ഉപ്പ് ഉപ്പ് രുചി കൂട്ടുമെങ്കിലും അതിൽ ശരീരത്തിന് സ്വയം ഉൽപാദിപ്പിക്കാൻ സാധിക്കാത്ത ധാതുവായ അയഡിൻ ധാരാളമുണ്ട്. ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യുന്ന പല പാർശ്വഫലങ്ങളും ഈ ധാതുവിനുണ്ട്. ഉപ്പിലടങ്ങിയ മറ്റൊരു ധാതുവാണ് സോഡിയം. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് സോഡിയം ആവശ്യമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് രക്തസമ്മർദം ഉയരാൻ കാരണമാകും. ഇത് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടും. ഒരു ദിവസം 2,300 മില്ലിഗ്രാമിലധികം അതായത് ഒരു ടീസ്പൂണിലധികം ഉപ്പ് ഉപയോഗിക്കാതെ ശ്രദ്ധിക്കണം.
ചടഞ്ഞുകൂടിയുള്ള ഇരിപ്പ് ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടാനുള്ള കാരണങ്ങളിലൊന്ന് അവരുടെ ചടഞ്ഞുകൂടിയുള്ള ഇരിപ്പ് ഉൾപ്പെട്ട ജീവിതശൈലിയാണ്. ഓരോ ആഴ്ചയും 150 മിനിറ്റ് എങ്കിലും മിതമായതു മുതൽ കഠിനമായതു വരെയുള്ള എയ്റോബിക് വ്യായാമവും രണ്ടു ദിവസത്തെ സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങും ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മാർഗരേഖ പറയുന്നു. ശരീരം ഒട്ടും ആക്റ്റീവ് അല്ലാതെയിരിക്കുമ്പോൾ വളരെ കുറച്ചു മാത്രം കാലറിയേ ബേൺ ചെയ്യപ്പെടുന്നുള്ളൂ. ഇത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങി ഹൃദയാരോഗ്യം നശിപ്പിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
കട്ടിലിൽ ഇരുന്നുള്ള ഫോൺ നോട്ടം കട്ടിലിൽ ഇരുന്നും കിടന്നും എല്ലാം ഫോൺ സ്ക്രോൾ ചെയ്യുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ ഈ ശീലം ആരോഗ്യത്തെ നശിപ്പിക്കും. ഫോണിൽ നിന്നുള്ള നീലപ്രകാശം ഉറക്കഹോർമോണ്‍ ആയ മെലാടോണിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ കോർട്ടിസോളിന്റെ അളവ് കൂടുന്നതു വഴി സമ്മർദം കൂട്ടുകയും ചെയ്യും. ഒരു മണിക്കൂർ ഫോൺ നോക്കിയാൽ ആ ഒരു മണിക്കൂർ നിങ്ങൾ അധികം ഉറങ്ങേണ്ടി വരും. ഉറങ്ങുമ്പോൾ രക്തസമ്മർദം കുറയും. എന്നാൽ ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കിൽ ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദം കൂടുകയും ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഫോൺ നോക്കുന്നതിനു പകരം ഉറങ്ങും മുൻപ് പുസ്തകം വായിക്കുന്നത് ശീലമാക്കാം. ഒപ്പം മികച്ച ഉറക്കശീലങ്ങളും പിന്തുടരാം. പകൽ ശാരീരിക പ്രവർത്തനങ്ങളിലേർപ്പെടുന്നതും സ്വാഭാവിക പ്രകാശമേൽക്കുന്നതും കിടപ്പുമുറിയിൽ ശക്തമായ അന്തരീക്ഷം കൈവരുത്തുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഡോക്ടറുടെ അടുത്ത് പോകുന്നവരാണ് മിക്കവരും. ഇരുപതുകൾ മുതൽ നാൽപതുകൾ വരെ പ്രായമുള്ളവർ ഹാർട്ട് െചക്കപ്പ് നടത്താറില്ല. എന്നാൽ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളെ തിരിച്ചറിയാൻ ആരോഗ്യപരിശോധനകൾ സഹായിക്കും. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ഇവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടും. കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തി രക്തസമ്മർദവും കൊളസ്ട്രോൾ നിലയും എല്ലാം കുറിച്ചു വയ്ക്കണം.
അപകടസൂചനകൾ അവഗണിക്കാതിരിക്കാം മിക്കവരും ഹൃദ്രോഗ ലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവ്. നെഞ്ചെരിച്ചിൽ പോലുള്ളവ ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടാം. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാവാം. ഈ ലക്ഷണങ്ങൾ തനിയെ പൊയ്ക്കോളും എന്നു കരുതി അവസാന നിമിഷം വരെ ആളുകൾ ഇവയെ അവഗണിക്കും. എന്നാൽ ഹൃദയപ്രശ്നങ്ങൾ പോലുള്ളവയെ ഒരിക്കലും അവഗണിക്കരുത്.
