തൊഴിലുറപ്പ്; പുതിയ നിയമപ്രകാരം കേരളം നൽകേണ്ടി വരുന്നത് 1500 കോടി രൂപയോളം, സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വർധിക്കും

Share our post

ന്യൂഡൽഹി : തൊഴിലുറപ്പ് പദ്ധതിയെ ഉന്മൂലനം ചെയ്ത് കേന്ദ്രം പുതുതായി ആവിഷ്കരിച്ച വിബി ജി ആർഎഎം ജി നിയമം പ്രകാരം കേരളം വിഹിതമായി നൽകേണ്ടി വരിക 1500 കോടിയോളം രൂപ. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കേണ്ടി വരുമെന്നാണ് കേന്ദ്രം ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചത്. ഇതുപ്രകാരം കേരളം 1,481.12 രൂപ പദ്ധതി വിഹിതമായി നൽകേണ്ടി വരുമെന്നും ഇത് 2023–24ൽ സംസ്ഥാനം ചെലവിട്ടതിനേക്കാൾ ഏകദേശം 1,310.89 കോടി രൂപ കൂടുതലാണെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കുന്നു.

വിക്സിത് ഭാരത്-റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട് പ്രകാരം സംസ്ഥാനങ്ങൾ നൽകേണ്ടി വരുന്ന തുകയുടെ കൃത്യമായ കണക്ക് കേന്ദ്രം വ്യക്തമാക്കുന്നില്ല. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ ആകെ ചെലവിന്റെ പത്ത് ശതമാനം സംസ്ഥാനങ്ങളും 90 ശതമാനം കേന്ദ്രവും വഹിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ 60: 40 എന്നതാണ് അനുപാതം. 60 ശതമാനം കേന്ദ്രവും 40 ശതമാനം ചെലവ് സംസ്ഥാനങ്ങളും വഹിക്കണമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന ആകെ വിഹിതമോ, സംസ്ഥാന തിരിച്ചുള്ള മാനദണ്ഡ വിഹിതമോ, കണക്കാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി എംജിഎൻആർഇജിഎസ് പ്രകാരം കേന്ദ്ര വിഹിതം അനുവദിച്ചതിൽ സ്ഥിരമായ കുറവു വന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2020–21 ൽ 1,10,519.91 കോടി രൂപയായിരുന്ന കേന്ദ്ര വിഹിതം 2021–22 ൽ 97,878.00 കോടി രൂപയായി കുറഞ്ഞു. 2022–23 ൽ 90,219.10 കോടി രൂപയായും 2023–24 ൽ 88,760.49 കോടി രൂപയായും 2024–25 ൽ 85,333.69 കോടി രൂപയായും കുറഞ്ഞു. കാർഷിക മേഖലയിൽ തുടർച്ചയായി ദുരന്തങ്ങൾ, അനിശ്ചിതത്വം, തൊഴിലില്ലായ്മ എന്നിവ ഉണ്ടായിരുന്നിട്ടും, അഞ്ച് വർഷത്തിനുള്ളിൽ 25,000 കോടി രൂപയിലധികം കുറവാണ് വിഹിതത്തിൽ ഉണ്ടായത്.

പുതിയ 60:40 ഫോർമുലയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതിന്, 2023–24 ലെ തൊഴിലുറപ്പ് പദ്ധതി ഡാറ്റ പ്രകാരമാണ് ജോൺ ബ്രിട്ടാസ് എംപി കേരളത്തിന് ചിലവാക്കേണ്ടുന്ന തുക കണക്കാക്കിയത്. 2023–24 വർഷം കേരളത്തിന് കേന്ദ്ര വിഹിതമായി 3,532.57 കോടി രൂപ ലഭിച്ചു. സംസ്ഥാന വിഹിതമായി 170.22 കോടി രൂപ നൽകി. ആകെ ചെലവ് 3,702.79 കോടി രൂപയായി. പുതിയ 60:40 ഫോർമുല പ്രകാരം കേരളത്തിന്റെ സംഭാവന ഏകദേശം 1,481.12 കോടി രൂപയായി ഉയരും. ഇത് ആകെ ചെലവിന്റെ 40 ശതമാനമാണ്. ഇത് 2023–24 ലെ കേരളത്തിന്റെ സംഭാവനയേക്കാൾ ഏകദേശം 1,310.89 കോടി രൂപയുടെ വർധനവാണ് പുതിയ പദ്ധതി പ്രകാരം ഉണ്ടാകുന്നത്.

125 ദിവസം തൊഴിൽ ലഭ്യമാകുന്നത് കണക്കിലെടുക്കാതെ തന്നെ, വിഹിത അനുപാതത്തിലെ മാറ്റം കാരണം കേരളത്തിന്റെ സാമ്പത്തിക ഭാരം ഏകദേശം ഒമ്പത് മടങ്ങ് വർദ്ധിക്കും. മറ്റ് സംസ്ഥാനങ്ങൾക്കും ഇത് ബാധകമാകും. 125 ദിവസം തൊഴിൽ ഉറപ്പാക്കുന്നതോടെ, സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തിക ഭാരം ആനുപാതികമായി വർദ്ധിക്കും. കേന്ദ്ര ഫണ്ടിൽ തുടർച്ചയായ കുറവ്, പുതിയ നിയമത്തിൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായി ഉണ്ടാകുന്ന അധിക ബാധ്യത എന്നിവയാണ് കേന്ദ്രത്തിന്റെ കണക്ക് വ്യക്തമാക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!