സംശയാസ്പദമായ മൂന്ന് കൊറിയൻ ഐഡി നിർമിച്ചത് കുട്ടി തന്നെയെന്ന് പോലീസ്

Share our post

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആദിത്യയുടെ മരണത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തി പോലീസ്. കുട്ടിയുടെ മാതാപിതാക്കളെയടക്കം വിളിച്ചു വരുത്തി സംശയം തോന്നുന്ന അക്കൗണ്ടുകൾ പ്രത്യേകം രേഖപ്പെടുത്തി ആ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം വിപുലമാക്കിയിരിക്കുന്നത്.

കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ‘ബ്ലാക്ക് വെനം’ അക്കൗണ്ടും കുട്ടി ഫോളോ ചെയ്തിരുന്നു. മരിച്ച പെൺകുട്ടിയുടെ സഹപാഠികളടക്കം ഇരുപതോളം പേരാണ് ‘ബ്ലാക്ക് വെനം’ എന്ന ഐഡിയുള്ള അക്കൗണ്ട് ഫോളോ ചെയ്തിരുന്നത്. എന്നാൽ, കുട്ടിയുടെ മരണത്തോടെ ഈ അക്കൗണ്ട് ഫോളോ ചെയ്തിരുന്നവർ അൺ ഫോളോ ചെയ്യുകയായിരുന്നു. മരിച്ച ആദിത്യയുടെ ബന്ധുക്കളിൽ ആദിത്യയുടെ അതേ പ്രായമുള്ള മറ്റൊരു കുട്ടിയുമായി കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിനെക്കുറിച്ചടക്കം സംസാരിച്ചിരുന്നതായാണ് വിവരം.

അതേസമയം, പെൺകുട്ടി ഫോളോ ചെയ്യുന്ന കൊറിയൻ പ്രൊഫൈലുകളിൽ സംശയാസ്പദമായ മൂന്ന് അക്കൗണ്ടുകൾ പെൺകുട്ടി തന്നെ ക്രിയേറ്റ് ചെയ്തതാണെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും ചോറ്റാനിക്കര സിഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

‘കുട്ടിയുടെ ഫോൺ പോലീസ് വിശദമായ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഫൊറൻസിക് പരിശോധന ഫലം കിട്ടിയാൽ മാത്രമേ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ സഹപാഠികളിൽനിന്നും അധ്യാപകരിൽ നിന്നുമടക്കം വിവരങ്ങൾ ശേഖരിക്കുകയാണ്’- ചോറ്റാനിക്കര സി ഐ പറഞ്ഞു.

അന്വേഷണത്തിൽ അലംഭാവം കാട്ടുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം വിപുലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജനുവരി 27ന് രാവിലെയാണ് ആദിത്യയെ വീടിനടുത്തുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്‌കൂളിലേക്ക് പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ സ്‌കൂൾ ബാഗിൽനിന്നാണ് കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!