ഇത്തവണയും വേനൽ കടുക്കും, ഫെബ്രുവരി അവസാനത്തോടെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കും
കാസർകോട്: ഇത്തവണയും വേനൽ കടുക്കുമെന്നതിന്റെ സൂചനകളുമായി സംസ്ഥാനത്തെ അന്തരീക്ഷ താപനിലയിൽ വർധന. ഈ വർഷം രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് ഏഴിന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. 38.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കണ്ണൂരിൽ ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്. 101.12 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണിത്. പനി കടുത്താലുണ്ടാകുന്ന അവസ്ഥയ്ക്ക് സമാനം.
വെള്ളിയാഴ്ചയും രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂരിലായിരുന്നു. 38.2 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ താപനില. ഞായറാഴ്ചത്തെ താപനില 36.4 ഡിഗ്രിയായി കുറഞ്ഞെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനില കണ്ണൂരിൽതന്നെയായിരുന്നു. അനൗദ്യോഗിക കണക്കുകളായ സ്വയംപ്രേരിത ചെറുകാലാവസ്ഥാകേന്ദ്രങ്ങളിലെ (എ.ഡബ്ല്യു.എസ്.) കണക്കുകൾ ഇതിനേക്കാൾ കൂടുതലാണ്. അന്തരീക്ഷ ആർദ്രത കൂടുന്നതിനാൽ കുമിർച്ച അനുഭവപ്പെടുന്നത് അസ്വസ്ഥമായ കാലവസ്ഥയ്ക്കും കാരണമാകുന്നുണ്ട്. തീരപ്രദേശ-മലയോര മേഖലകൾ വ്യത്യാസമില്ലാതെയാണ് ചൂട് വലിയ രീതിയിൽ കൂടുന്നത്.
കാലാവസ്ഥാവകുപ്പിന്റെ കണക്കിലുള്ള അന്തരീക്ഷ താപനിലയാണിത്. ഭൂമിയിൽനിന്നുള്ള ചൂട് കൂടിയാകുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഇതിലും വർധിക്കും. കോൺക്രീറ്റ് കെട്ടിടങ്ങളുൾപ്പെടെയുള്ള ഇടങ്ങളിലായിരിക്കും ചൂട് വർധിക്കുക. ഇതേനില തുടർന്നാൽ കഴിഞ്ഞ വർഷത്തിന് സമാനമായി ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞവർഷം ഫെബ്രുവരി 25-നാണ് കേരളത്തിൽ ചൂട് 40 ഡിഗ്രി കടന്നത്. ഇത്തവണ അതിനേക്കാൾ നേരത്തെതന്നെ 40 ഡിഗ്രി കടന്നേക്കാം.
ജാഗ്രത വേണം
സൂര്യാഘാതമേൽക്കാതിരിക്കാനും മറ്റു ആരോഗ്യപ്രശ്നങ്ങൾ ബാധിക്കാതിരിക്കാനും പ്രത്യേകം ജാഗ്രതവേണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. മോരിൻവെള്ളം, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ കുടിക്കുന്നത് വർധിപ്പിക്കുക. ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ വീടിന് പുറത്തിറങ്ങുമ്പോഴും കുട ഉപയോഗിക്കുക.
