കളമശേരിയില്‍ കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം! ഡിഎന്‍എ ഫലം പുറത്ത്
കളമശേരി എച്ച്എംടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹം ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന ഫലം കളമശേരി പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടാണ് ഒക്ടോബര്‍ 5ന് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
ബന്ധുക്കളെ അറിയിക്കാതെയാണ് സൂരജ് ലാമയെ കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടതെന്നായിരുന്നു മകന് സന്ദന്‍ ലാമയുടെ ആരോപണം. ഒപ്പം ആരും ഉണ്ടായിരുന്നില്ല. നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ സൂരജ് ലാമ മെട്രോ റെയിൽ കോർപറേഷന്റെ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ വരെ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികില്‍സയും തേടി. എന്നാല്‍ പരിശോധനയില്‍ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
സൂരജ് ലാമ വിഷയം കൈകാര്യം ചെയ്തതില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതരുള്‍പ്പടെയുള്ളവരെയും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റൊരു രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടയാള് ഇവിടെ വന്നിറങ്ങുമ്പോള്‍ പാലിക്കേണ്ട ഒരു ചട്ടവും പാലിച്ചില്ലെന്നും ആശുപത്രിയില്‍ നിന്ന് ഇയാളെ കാണാതായതെങ്ങനെയാണെന്നും കോടതി ചോദ്യം ഉയര്‍ത്തിയിരുന്നു. കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജിന്റേത് ആവാതിരിക്കട്ടെ എന്നും ഹൈക്കോടതി പ്രതികരിച്ചിരുന്നു.
