സൺഷേഡിൽ കഞ്ചാവ് വളർത്തി, നാട്ടുകാർ കണ്ടതോടെ പിഴുതെടുത്ത് മുറിയിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ
കൊണ്ടോട്ടി (മലപ്പുറം): മുറിയിൽ കവറിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോർട്ടേഴ്‌സിൽനിന്ന് ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സൺഷേഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പ്രതി പിഴുതെടുത്ത് മുറിയിൽ സൂക്ഷിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസിപി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ, എസ്‌ഐ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
