ബാവലി–മൈസൂരു റോഡുപണി ഭാഗികം; വണ്ടിക്കാരുടെ തമ്മിലടി പതിവ്
പുൽപള്ളി ∙ നിർമാണം പാതിവഴിയിലൊതുങ്ങിയ ബാവലി– മൈസൂരു സംസ്ഥാനാന്തര പാതയിൽ വാഹനഗതാഗതം വീണ്ടും ദുഷ്കരമാകുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ആരംഭിച്ച റോഡ് നിർമാണം പൂർണതോതിൽ നടക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ ബാവലിയിൽ നിന്നാരംഭിച്ച പ്രവൃത്തികൾ വനപാതയിലെ 10 കിലോമീറ്റർ പിന്നിട്ട് അണ്ണൻതോട്ടം ഉന്നതിക്കു സമീപം അവസാനിച്ചു. അവിടെനിന്ന് 6 കിലോമീറ്ററാണ് അത്യാവശ്യമായി നിർമിക്കേണ്ടത്. ഈഭാഗം പാടേ തകർന്നു. റോഡിന്റെ ഉപരിതലവും അരികും തകർന്നടിഞ്ഞു.
ബാവലി–മലവള്ളി സംസ്ഥാനപാതയുടെ ആരംഭ ഭാഗമാണിത്. നാഗർഹൊള കടുവ സങ്കേതത്തിൽ ഉൾപ്പെട്ട ഈ റൂട്ടിൽ വൈകിട്ട് 6 മുതൽ കാലത്ത് 6 വരെ ഗതാഗതനിരോധനമുണ്ട്. സമയ പരിധിക്കുള്ളിൽ തകർന്നപാത കടക്കാൻ ഡ്രൈവർമാർ അനുഭവിക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. വഴിയിൽ ഒരു വാഹനം തകരാറിലായാൽ പിന്നാലെ വരുന്നവയെല്ലാം വഴിയിൽ കുടുങ്ങുന്നു.
ഇരുഭാഗവും തകർന്ന് വൻചാലുകളായ പാതയിൽ വാഹനങ്ങൾ അരികുകൊടുക്കാൻ പ്രയാസമാണ്. ആരാണ് റോഡിൽ നിന്നിറക്കുകയെന്ന തർക്കം പലപ്പോഴും വഴക്കിനും തമ്മിലടിക്കും കാരണമാകുന്നു. റോഡിൽനിന്ന് ഒരടിയിലേറെ ആഴമുള്ള സൈഡിലേക്ക് ഭാരവാഹനങ്ങളും ചെറുവാഹനങ്ങളും ഇറക്കാനാവില്ല. മുഖാമുഖമെത്തുന്ന വാഹനങ്ങൾ തമ്മിലിടിക്കുന്നതും അതേതുടർന്നുണ്ടാകുന്ന ബഹളങ്ങളും വനത്തിൽ പതിവെന്ന് സ്ഥിര യാത്രക്കാർ പറയുന്നു.
പച്ചക്കറിയും പലവ്യഞ്ജനവുമടക്കം കയറ്റി ഒട്ടേറെ വാഹനങ്ങൾ മലബാറിലേക്കു പ്രവേശിക്കുന്നത് ഈ പാതയിലൂടെയാണ്. റോഡിന്റെ തകർച്ച വിനോദ സഞ്ചാരമേഖലയ്ക്കും കാർഷിക മേഖലയ്ക്കും തിരിച്ചടിയായി. കർണാടകയിൽ കൃഷി, കച്ചവടം തുടങ്ങിയ ആവശ്യങ്ങൾക്ക് നൂറുകണക്കിനാളുകൾ ദിവസവും അതിർത്തി കടന്നുപോകുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ എത്താവുന്നദൂരം താണ്ടാൻ ഇപ്പോൾ മണിക്കൂറുകൾ വേണ്ടിവരുന്നു.
വന്യമൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഈ പാതയിൽ വേഗനിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. വനപാതയിൽ നേരത്തേ 4 മീറ്റർ മാത്രമായിരുന്നു റോഡിന്റെ വീതി. രണ്ടുവാഹനങ്ങളെത്തുമ്പോൾ ഒരെണ്ണം റോഡ് വിട്ടിറങ്ങണമായിരുന്നു. പുതിയപാത 5.5 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. പാതയോരത്ത് മണ്ണുനിറയ്ക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്.. റോഡുനിർമാണം പൂർത്തിയാകുന്നതോടെ ഗതാഗതവും ചരക്കുനീക്കവും സുഗമമാകും.
