വീടുകൾ ഫെബ്രുവരി മൂന്നാംവാരം കൈമാറും

Share our post

കല്പറ്റ : മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ ആദ്യബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാംവാരത്തോടെ അതിജീവിതകുടുംബങ്ങൾക്ക് കൈമാറുമെന്ന് ബജറ്റ് പ്രഖ്യാപനം. ദുരന്തബാധിതരുടെ പുനരധിവാസം സമയബദ്ധമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 410 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. റോഡ്, ഓവുചാൽ, പൊതുജനാരോഗ്യകേന്ദ്രം, മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, ഓപ്പൺ എയർ തിയേറ്റർ, അങ്കണവാടി, മലിനജല സംസ്കരണ പ്ലാന്റ്, കളിസ്ഥലങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ആസൂത്രിതമായ ടൗൺഷിപ്പാണ് തയ്യാറാകുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

നിലവിൽ മുന്നൂറോളം വീടുകളുടെ വാർപ്പ് പൂർത്തിയായി. മറ്റുവീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. വൈദ്യുതീകരണവും റോഡ് നിർമാണവും ഉൾപ്പെടെയുള്ള മറ്റുനടപടികളും നടക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘത്തിനാണ് നിർമാണച്ചുമതല. ദുരന്തബാധിതരുടെ കടങ്ങൾ ഏറ്റെടുക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 18.75 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!