കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ്, നിയമനിർമാണം നടത്തും; ചെലവുകൾക്കായി 20 കോടി വകയിരുത്തി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ് നൽകാനുള്ള നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ ചെലവുകൾക്കായി പ്രാഥമികമായി 20 കോടി നീക്കിവെക്കുന്നതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ സംസ്ഥാന സർക്കാരും എൽഡിഎഫും ശക്തമായി എതിർക്കുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു. എസ്ഐആറിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള നീക്കത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. എസ്ഐആർ സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയേയും കേരളം അറിയിച്ചിട്ടുണ്ട്. എസ്ഐആർ നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തലമുറകളായി കേരളത്തിൽ ജീവിച്ചുവരുന്ന ജനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
