20 പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

Share our post

തൃശ്ശൂർ: പിഎഫ്‌ഐ കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി എൻ.ഐ.എ. റെയ്ഡ്. 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി, തൃശ്ശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയിൽ എട്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. പിഎഫ്‌ഐ തീവ്രവാദക്കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡാണെന്നാണ് വിവരം. നിർണായക തെളിവുകൾ അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചെന്നാണ് സൂചന.

ചാവക്കാട് പാലയൂരിൽ എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ ഫാമിസിന്റെ മൊബൈൽ ഫോണും കംപ്യൂട്ടർ ഹാർഡ് ഡിസ്‌കും സംഘം പിടിച്ചെടുത്തതായാണ് വിവരം. ബുധനാഴ്ച രാവിലെയാണ് എൻഐഎ കൊച്ചി യൂണിറ്റിൽനിന്നുള്ള ഏഴംഗ സംഘം രണ്ട് കാറുകളിലായി ഫാമിസ് താമസിക്കുന്ന പാലയൂരിലെ വാടകവീട്ടിലെത്തി റെയ്ഡ് നടത്തിയത്. ഈസമയം ഫാമിസ് വീട്ടിലുണ്ടായിരുന്നു.

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലാവാൻ ബാക്കിയുള്ള മൂന്ന് പ്രതികളെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ പരിശോധനയെന്നും വിവരമുണ്ട്. രാവിലെ അഞ്ചോടെ തന്നെ എൻഐഎ സംഘം മഫ്തിയിൽ ഫാമിസിന്റെ വീടും പരിസരവും നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനുശേഷം എൻഐഎ സംഘം ചാവക്കാട് പോലീസിന്റെ സഹായം തേടി. തുടർന്ന് മൂന്ന് ജീപ്പുകളിലായി ചാവക്കാട് പോലീസും പരിശോധന നടത്തുന്ന വീടിനു മുന്നിൽ കാവൽനിന്നു.

രാവിലെ 6.50-ഓടെ തുടങ്ങിയ പരിശോധന 9.45-ഓടെയാണ് എൻഐഎ പൂർത്തിയാക്കി മടങ്ങിയത്. ചാവക്കാട് ടൗണിൽ വസ്ത്രവ്യാപാരസ്ഥാപനം നടത്തുന്ന ഫാമിസ് അബൂബക്കർ അടുത്തകാലംവരെ എസ്ഡിപിഐ ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!