ഇ പാസ്‌പോര്‍ട്ട് ഇന്ത്യക്കാർക്കിടയിൽ വൈറൽ, ക്യൂ നിൽക്കാതെ പറക്കാം

Share our post

ന്യൂ ഡൽഹി : ആധുനിക ലോകത്ത് വിദേശ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യക്കാരുടെ വിദേശയാത്രകള്‍ കൂടുതല്‍ അനായാസമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇ പാസ്‌പോര്‍ട്ട് അവതരിപ്പിച്ചത്. പുതുതായി പാസ്‌പോര്‍ട്ട് എടുക്കുന്നവരും പുതുക്കുന്നവരും ഇ പാസ്‌പോര്‍ട്ട് തെരഞ്ഞെടുക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇ പാസ്‌പോര്‍ട്ട് വഴി യാത്രകള്‍ അനായാസമാവുന്നതു തന്നെയാണ് കാരണം. ഇ പാസ്‌പോര്‍ട്ടിലേക്ക് കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന പ്രധാന കാരണങ്ങള്‍ നോക്കാം.

എന്താണ് ഇ പാസ്‌പോര്‍ട്ട്?

പാസ്‌പോര്‍ട്ട് ഉടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൈക്രോ ചിപ്പ് സഹിതമുള്ള പാസ്‌പോര്‍ട്ടുകളാണ് ഇ പാസ്‌പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട് ഉടമയുടെ വിരലടയാളവും ഫോട്ടോയും യാത്രായുടെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ ഡിജിറ്റലായി ഇ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. വിവരങ്ങള്‍ സുരക്ഷിതമായി വെക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തില്‍ എന്‍ക്രിപ്റ്റഡായാണ് ഇ പാസ്‌പോര്‍ട്ടില്‍ വിവരങ്ങള്‍ ശേഖരിക്കുക. 

ഒറ്റനോട്ടത്തില്‍ സാധാരണ പാസ്‌പോര്‍ട്ട് പോലെതന്നെയാവും ഇ പാസ്‌പോര്‍ട്ടും. അതേസമയം ഇ പാസ്‌പോര്‍ട്ടിലെ മൈക്രോചിപ്പാണ് അതിനെ വ്യത്യസ്ഥമാക്കുന്നത്. പാസ്‌പോര്‍ട്ട് കവറിലെ സ്വര്‍ണ നിറത്തിലുള്ള ചെറിയ ചിഹ്നം ഇ പാസ്‌പോര്‍ട്ടിനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കും. 2024 ഏപ്രില്‍ മുതലാണ് ഇന്ത്യയില്‍ ഇ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു തുടങ്ങിയത്. അമേരിക്ക, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവയടക്കം 120ലേറെ രാജ്യങ്ങളില്‍ ഇ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കാനാവും. 

ഉയര്‍ന്ന സുരക്ഷ

ഇന്ത്യക്കാര്‍ ഇ പാസ്‌പോര്‍ട്ടിനെ കൂടുതലായി സ്വീകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഉയര്‍ന്ന സുരക്ഷയാണ്. മൈക്രോ ചിപ്പിലാണ് ഇ പാസ്‌പോര്‍ട്ടില്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അത്രയെളുപ്പം പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്താന്‍ ഇ പാസ്‌പോര്‍ട്ടിലാവില്ല. ബയോ മെട്രിക്ക് വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമാണ് ഇ പാസ്‌പോര്‍ട്ടിലെ പല വിവരങ്ങളും പരിശോധിക്കാനാവുക. ബേസിക്ക് ആക്‌സെസ് കണ്‍ട്രോള്‍(BAC), പാസീവ് ഓതന്റിക്കേഷന്‍(PA), എക്‌സ്‌റ്റെന്‍ഡഡ് ആക്‌സെസ് കണ്‍ട്രോള്‍(EAC) എന്നിങ്ങനെയുള്ള നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഇ പാസ്‌പോര്‍ട്ടിലുണ്ട്. 

ഇ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയതിനാലും ഡിജിറ്റല്‍ സൈന്‍ ഉള്ളതിനാലും വിമാനത്താവളങ്ങളിലെ പരിശോധനകളും എളുപ്പത്തില്‍ പൂര്‍ത്തിയാവും. പരിശോധിക്കുന്നവര്‍ക്ക് ഇ പാസ്‌പോര്‍ട്ട് കൈവശമുള്ളവരുടെ രേഖയിലെ വിവരങ്ങളില്‍ സാധാരണഗതിയില്‍ സംശയത്തിന് സാധ്യത കുറവാണ്. വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച് പാസ്‌പോര്‍ട്ട് തട്ടിപ്പ് നടത്തുന്നതും ഇ പാസ്‌പോര്‍ട്ടില്‍ എളുപ്പമല്ല. 

വേഗത്തിലുള്ള ഇമിഗ്രേഷന്‍ 

വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കെടുക്കുന്ന കാലതാമസം പലപ്പോഴും വിദേശ യാത്രകളില്‍ തലവേദനയാവാറുണ്ട്. അനാവശ്യ ആശയക്കുഴപ്പങ്ങളും പലപ്പോഴും വില്ലനാവാറുണ്ട്. ഇ പാസ്‌പോര്‍ട്ടാണ് കൈവശമെങ്കില്‍ ഇമിഗ്രേഷന്‍ തലവേദനകളില്ലാതെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവും. ഇ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യേണ്ട താമസം മാത്രമേ പലയിടത്തും ഇമിഗ്രേഷന് വേണ്ടി വരാറുള്ളൂ. 

ലോകത്തെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഇതിനകം തന്നെ ഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇമിഗ്രേഷനുള്ള സൗകര്യങ്ങളുണ്ട്. ഇത് ഉപയോഗിക്കാന്‍ ഇ പാസ്‌പോര്‍ട്ട് എടുക്കുക തന്നെ വേണം. സാധാരണ പാസ്‌പോര്‍ട്ട് ഉള്ളവരുടെ നീണ്ട വരികള്‍ ഉള്ളപ്പോള്‍ തന്നെ ഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പ്രത്യേകം ഇ പാസ്‌പോര്‍ട്ട് ടെര്‍മിനലുകള്‍ വഴി എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനാവാറുണ്ട്. 

രാജ്യാന്തര നിലവാരം

രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇ പാസ്‌പോര്‍ട്ടുകള്‍ ഒരുക്കുന്നത്. ലോകത്ത് 120ലേറെ രാജ്യങ്ങളില്‍ ഇ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കാനാവുമെന്നതും ഈ സംവിധാനത്തിന്റെ സ്വീകാര്യത കാണിക്കുന്നു. അനുയോജ്യമായ ഓട്ടമേറ്റഡ് സംവിധാനങ്ങളുള്ള ലോകത്തെ ഏതൊരു വിമാനത്താവളങ്ങളിലും ഇ പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവും. മാറിക്കൊണ്ടിരിക്കുന്ന രാജ്യാന്തര യാത്രകളുടെ നിരവാരത്തിന് യോജിക്കും വിധത്തില്‍ ഇ പാസ്‌പോര്‍ട്ട് ഇന്ത്യക്കാരെ പ്രാപ്തരാക്കുന്നുവെന്നതും യാത്രികരെ ആകര്‍ഷിക്കുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!