ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം, റെയിൽവേ യാർഡ്: വിഴിഞ്ഞം രണ്ടാംഘട്ടത്തിലൊരുങ്ങുന്നത് നിരവധി പുത്തൻപദ്ധതികൾ

Share our post

തിരുവനന്തപുരം : നവകേരളത്തിന്റെ വികസന വിസ്മയമായി മാറിയ വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി വി വാസവൻ. തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിൻറെ വികസനോന്മുഖമായ ഇടപെടലുകളുടെ ഫലമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന സമ്പൂർണ്ണ വികസനം 2028 ഓടെ യാഥാർഥ്യമാക്കുന്നത്. കൺസഷണയറുമായി 2023ൽ ഏർപ്പെട്ട സപ്ലിമെന്ററി കണസഷൻ കരാർ പ്രകാരമാണ് തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങൾ 17 വർഷങ്ങൾക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

തുറമുഖം പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ 710 കപ്പലുകളിൽ നിന്നും 15.13 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വൻകരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുവാനും ചുരുങ്ങിയ കാലയളവിനുള്ളിൽ സാധിച്ചു. ആഗോള സമുദ്രാധഷ്ഠിത ചരക്കു നീക്കത്തിൽ സുപ്രധാന കണ്ണിയായും ദക്ഷിണേഷ്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം ഇതിനോടകം മാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ ആഴക്കടൽ തുറമുഖത്തിന്റെ ഒന്നാം ഘട്ടം (10 ലക്ഷം ടിഇയു കണ്ടെയ്നർ വാർഷിക സ്ഥാപിത ശേഷി) 2024 ഡിസംബർ 3നാണ് പ്രവർത്തനക്ഷമമായത്. തുറമുഖം രണ്ടാം ഘട്ടത്തിൽ തുറമുഖ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു വരെ ആയി ഉയരും. ബെർത്ത് 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വികസിപ്പിക്കും

റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയാണ് രണ്ടാം ഘട്ടത്തിലെ പുതിയ സൗകര്യങ്ങൾ. മാസ്റ്റർപ്ലാൻ അനുസരിച്ച് രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടി രൂപയാണ്. രണ്ടാംഘട്ട വികസനം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകൾ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്നറുകൾ കയറ്റുമതി ചെയ്യാനും കഴിയും. റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കവും സാധ്യമാവും. ക്രൂസ് ടെർമിനൽ കൂടി വരുന്നതോടെ വൻകിട യാത്രാ കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും. കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുങ്ങും.

രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന ലിക്വിഡ് ടെർമിനൽ പൂർത്തിയാകുന്നതോടെ വൻ കപ്പലുകൾക്ക് ദീർഘദൂര യാത്രയ്ക്കിടയിൽ ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം. നിലവിൽ വമ്പൻ തുറമുഖങ്ങളിൽ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിൽ രാജ്യാന്തര കപ്പൽ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ളതിനാൽ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെ ആശ്രയിക്കും.

വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നതാണു നേട്ടം. 55 ഹെക്ടർ ഭൂമി കടൽ നികത്തിയെടുക്കും. കണ്ടെയ്നർ യാർഡ് വികസിക്കുന്നതോടെ ഒരേസമയം യാർഡിൽ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000ൽ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതിൽ 30 ഷിപ് ടു ഷോർ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും. 800 മീറ്റർ ബെർത്ത് എന്നത് 2 കിലോമീറ്ററാകും. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രെയ്റ്റ് ബെർത്ത് തുറമുഖമാകുന്നതോടെ ഒരേസമയം 4 മദർഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. പുലിമുട്ടിൻറെ നീളം 4 കിലോമീറ്ററാക്കും. പുതിയതായി ഷിപ്പിങ് കമ്പനികളും ലോജിസ്റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് എത്തുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വർധിക്കും.

വിഴിഞ്ഞം വിജയവഴി

2015 ഡിസംബർ 5 – വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭം

2023 ഒക്ടോബർ 15 – വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ, ക്രെയിനുകളും നിർമാണോപകരണങ്ങളുമായി ചൈനീസ് ചരക്കുകപ്പൽ ‘ഷെൻ ഹുവ 15 എ’ വിഴിഞ്ഞത്ത്

2024 ജൂലൈ 12 – ട്രയൽ റൺ ആരംഭിച്ചു

2024 ഡിസംബർ 3 – വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭം

2025 ഫെബ്രുവരി – തെക്കുകിഴക്കൻ ഇന്ത്യയിലെ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് വിഴിഞ്ഞം, 40 കപ്പലുകളിൽ നിന്ന് 78,833 ടിഇയു കൈകാര്യം ചെയ്ത് നേട്ടം

2025 മെയ് 2 – വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമീഷൻ ചെയ്തു

2025 ജൂൺ 09 – ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറിന വിഴിഞ്ഞത്ത്

2025 ആ​ഗസ്ത് – ഒമ്പത് മാസത്തിനുള്ളിൽ വാർഷികശേഷിയായ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ചരിത്ര നേട്ടം

2025 സെപ്തംബർ 23 – വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി വെറും പത്ത് മാസത്തിനുള്ളിൽ 500-മാത്തെ കപ്പൽ വിഴിഞ്ഞത്ത്

ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (17.1 മീറ്റർ) കപ്പലായ ‘എം.എസ്.സി വെറോണ’ വിഴിഞ്ഞത്ത് ബെർത്ത് ചെയ്തു

2025 ഒക്ടോബർ 19 – ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് ആരംഭിച്ചു , കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ലോകോത്തര സേവനം

2025 നവംബർ 20 – വിഴിഞ്ഞം തുറമുഖത്തിന് ഐ.സി.പി പദവി, അന്താരാഷ്ട്ര സീപോർട്ട് പട്ടികയിൽ വിഴിഞ്ഞം

2025 ഡിസംബർ – ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടം

വിഴിഞ്ഞം തുറമുഖത്തിലെ വാണിജ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏതാണ്ട് 106 കോടി രൂപ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!