ബസിൽ അന്ന് അസ്വാഭാവിക സംഭവങ്ങൾ നടന്നില്ല; ദീപക് കേസിൽ മുസ്ലിംലീ​ഗ് പ്രവർത്തകയുടെ വാദത്തിനെതിരായി സിസിടിവി ദൃശ്യങ്ങൾ

Share our post

കോഴിക്കോട്‌: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന്‌ ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുസ്ലിംലീ​ഗ് പ്രവർത്തകയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ബസിൽ അന്ന് അസ്വാഭാവിക സംഭവങ്ങൾ നടന്നില്ല എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വണ്ടിയിലെ ആരുംതന്നെ പരാതിപ്പെട്ടിരുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ മുസ്ലിംലീഗ്‌ പ്രവർത്തകയും മുൻ പഞ്ചായത്ത്‌ അംഗവുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. ബിഎൻഎസ്‌ 108 വകുപ്പ്‌ പ്രകാരം ജാമ്യമില്ലാ വകുപ്പാണ്‌ ചുമത്തിയിരിക്കുന്നത്‌.

ഷിംജിത വിദേശത്തേക്ക് കടന്നോയെന്ന് സംശയവുമുണ്ട്‌. യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത്‌ പരിശോധിക്കുന്നതിലൂടെ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌. ഫോണിലെ വീഡിയോ നശിപ്പിക്കരുതെന്ന്‌ കഴിഞ്ഞ ദിവസം പൊലീസ്‌ നിർദേശം നൽകിയിരുന്നു. ഇവർക്കെതിരെ ലുക്ക‍ൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കാനും പൊലീസ്‌ ആലോചിക്കുന്നുണ്ട്‌. ബസ്സിലുണ്ടായിരുന്ന സഹയാത്രികരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുക്കാനും പൊലീസ്‌ ആലോചിക്കുന്നുണ്ട്‌.

ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന്‌ പ്രചരിപ്പിച്ചതിന്‌ പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത ബസ്സിൽവെച്ച് ചിത്രീകരിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്പർശിച്ചെന്ന് ആരോപിച്ചായിരുന്നു ഷിംജിത വീഡിയോ പുറത്തുവിട്ടത്. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തുടർന്ന്, ദീപകിന്റെ മാതാപിതാക്കൾ സിറ്റി പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡി. കോളേജ്‌ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ഗോവിന്ദപുരത്തെ വീട്ടിലെത്തി അമ്മ കന്യകയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. തുടർന്നാണ്‌ കേസ്‌ രജിസ്റ്റർ ചെയ്തത്‌. അസ്വാഭാവിക മരണത്തിന്‌ ഞായറാഴ്‌ച കേസെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!