യുഡിഎഫ് ബോർഡ് വാജി വാഹനം കൈമാറിയത് ഉത്തരവ് ലംഘിച്ച്; തന്ത്രിക്ക് അവകാശപ്പെട്ടതല്ല; കുരുക്ക് മുറുകും
തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് യുഡിഎഫ് ബോർഡ് കൈമാറിയത് ഉത്തരവ് ലംഘിച്ചെന്നുള്ള തെളിവ് പുറത്ത്. ഇതോടെ കോൺഗ്രസ് നേതാവും മുൻ ബോർഡ് അംഗവുമായ അജയ് തറയിൽ ഉൾപ്പടെയുള്ളവർ ഉന്നയിച്ച വാദം കളവ് കളവെന്ന് തെളിഞ്ഞു. വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്നും അതിനാലാണ് കൈമാറിയതെന്നുമായിരുന്നു അജയ് തറയിലിന്റെ ഇതുവരെയുള്ള വാദം. കോൺഗ്രസ് നേതാവ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വംബോർഡ് പ്രസിഡന്റായ കാലത്താണ് കൊടിമരം മാറ്റിസ്ഥാപിച്ചതും വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതും. ദേവസ്വം രേഖകളിൽ പൊതുസ്വത്തായി രേഖപ്പെടുത്തിയിട്ടുള്ള വാജിവാഹനം
ഇരുവരും ചേർന്ന് തന്ത്രിക്ക് കൈമാറുന്ന ചിത്രങ്ങളുൾപ്പടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വാജി വാഹനം അങ്ങനെ കൈമാറാൻ പാടില്ലാത്തതാണെന്നും നൽകിയാൽതന്നെ രേഖകൾ വേണമായിരുന്നുവെന്നും ദേവസ്വം ബോർഡാണ് വാജി വാഹനം സൂക്ഷിക്കേണ്ടതെന്നും മുൻ ബോർഡ് അംഗം കെ രാഘവൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. വാജി വാഹനം നൽകിയതിൽ വ്യവസ്ഥയോ രേഖകളോ ഇല്ല. കൊടിമരം മാറ്റാൻ തീരുമാനമെടുത്ത ദേവസ്വം ബോർഡ് യോഗത്തിൽ താനുണ്ടായിരുന്നില്ല. അന്ന് പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ് നേതൃത്വത്തിൽ. താൻ വന്ന ശേഷം ഇത്തരം കാര്യങ്ങളൊന്നും യോഗങ്ങളിൽ വന്നിട്ടില്ല – കെ രാഘവൻ പറഞ്ഞു.
ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേക അന്വേഷകസംഘത്തിന്റെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.1971 ൽ നിർമിച്ച കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചത് ചിതലരിച്ചുവെന്നുപറഞ്ഞാണ്. തേക്കിൽ തീർത്ത, സ്വർണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. ചിതലരിച്ചു എന്നാണ് പറഞ്ഞതെങ്കിലും കേടുപാടുകൾ ഉള്ളതായി അന്നത്തെ ദൃശ്യങ്ങളിലില്ല. പഴയ കൊടിമരത്തിന്റെ മുകളിലുണ്ടായിരുന്ന വാജിവാഹനമാണ് കഴിഞ്ഞദിവസം എസ്ഐടി തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. ഇത് യഥാർഥ വാജിവാഹനമാണോ എന്നും എസ്ഐടി അന്വേഷിക്കും.
കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ തന്ത്രിയെ അറസ്റ്റു ചെയ്തശേഷം തന്ത്രിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്. അയ്യപ്പന്റെ വാഹനമായ കുതിരയുടെ രൂപമാണ് വാജി വാഹനം. കൊടിമരത്തിൽ സ്ഥാപിക്കുന്ന വാജിവാഹനം ആ അർഥത്തിൽ വിഗ്രഹം തന്നെയാണ്. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ ഇതിന് 11 കിലോ തൂക്കമുണ്ട്. കോടികൾ മൂല്യമുള്ള പു രാവസ്തു കൂടിയാണിത്.
പഴയ കൊടിമരത്തിലെ അഷ്ടദിക്പാലകരെ കണ്ടെത്താൻ ഇതുവരെ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. കേടുപാടുകളുമില്ലാത്ത കൊടിമരം എന്തിനുവേണ്ടിയാണ് തിടുക്കത്തിൽ മാറ്റിയതെന്നതിന് ഉത്തരം കണ്ടെത്താനാണ് ഇപ്പോൾ എസ്ഐടി ശ്രമം. പഴയ കൊടിമരം മാറ്റാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപെടലുകളും അന്നത്തെ ഉന്നതതല ബന്ധങ്ങളും എസ്ഐടിയുടെ അന്വേഷണത്തിന്റെ പരിധിയിൽ വരും.
