കെഎൽ രജിസ്ട്രേഷനിലുള്ളത് 1.89 കോടി വാഹനങ്ങൾ, 2025-ൽ 8.82 പുതിയ രജിസ്‌ട്രേഷൻ, ഇ.വികളിലും കുതിപ്പ്‌

Share our post

വൈക്കം: കേരള രജിസ്ട്രേഷനിൽ (കെഎൽ) നിലവിൽ ആകെ 1.89 കോടി വാഹനങ്ങളുണ്ടെന്ന് മോട്ടോർവാഹന വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് വാഹന എണ്ണം 2025-ൽ 13.30 ശതമാനം വർധിച്ചു. 8.82 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവർഷം രജിസ്റ്റർചെയ്തത്. 2024-ൽ ഇത് 7.79 ലക്ഷമായിരുന്നു.

2023-ൽ 7.59 ലക്ഷവും 2022-ൽ 7.84 ലക്ഷവുമായിരുന്നു രജിസ്റ്റർചെയ്തത്. 2022-നെ അപേക്ഷിച്ച് 2023-ൽ വാഹനരജിസ്ട്രേഷനിൽ 3.17 ശതമാനം കുറവ് ഉണ്ടായത് കോവിഡും വാഹനങ്ങളുടെ വിലവർധനവും മൂലമായിരുന്നെന്നാണ് വിലയിരുത്തൽ.

കാറിന്റെ ഇരട്ടി ഇരുചക്രവാഹനം

2025-ൽ 5.71 ലക്ഷം ഇരുചക്രവാഹനങ്ങൾ രജിസ്റ്റർചെയ്തു. 2.34 ലക്ഷം കാറുകളും. 2024-ൽ 5.09 ലക്ഷവും 2023-ൽ 4.91 ലക്ഷവും ഇരുചക്രവാഹനങ്ങൾ രജിസ്റ്റർചെയ്തിട്ടുണ്ട്. 2025-ൽ നിരത്തിലിറങ്ങിയ പാസഞ്ചർ ക്യാബുകൾ 16,022.

പുതിയ ഇലക്ട്രിക്കൽ വാഹനങ്ങൾ ഒരുലക്ഷത്തിലേറെ

2025-ൽ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒരുലക്ഷം കടന്നു. 1,06,503 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2024-ൽ 83,263, 2023-ൽ 75,814 എന്നിങ്ങനെയായിരുന്നു കണക്ക്. കൂടുതൽ വാഹനനിർമാതാക്കൾ ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടന്നതും പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരമെന്ന് ഉപഭോക്താക്കൾക്ക് ബോധ്യപ്പെട്ടതുമാണ് ഇലക്ട്രിക് വാഹന വർധനയ്ക്ക് കാരണം.

2025-ൽ രജിസ്റ്റർചെയ്ത വാഹനങ്ങളുടെ എണ്ണം

  • ജനുവരി- 74371
  • ഫെബ്രുവരി-56446
  • മാർച്ച്-66927
  • ഏപ്രിൽ-65350
  • മേയ്-69704
  • ജൂൺ-66409
  • ജൂലായ്-68481
  • ഓഗസ്റ്റ്-87675
  • സെപ്റ്റംബർ-74698
  • ഒക്ടോബർ-98831
  • നവംബർ-77726
  • ഡിസംബർ-76261

ആകെ-8,82,879


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!