മുല്ലയ്ക്ക് റെക്കോഡ് വില; കിലോയ്ക്ക് 8000 വരെ, മഞ്ഞുവീഴ്ചയിൽ ഉത്പാദനം നിലച്ചതോടെ കർഷകർ വെട്ടിൽ
പാലക്കാട്: ”സ്വർണം ഒരു ഗ്രാമിന് പതിമൂന്നായിരം രൂപയേ വിലയുള്ളൂ. പക്ഷേ, ഒരു കിലോ മുല്ലപ്പൂവിന് അതിന്റെ പകുതിയോളം വിലയുണ്ട്. ബുധനാഴ്ച അങ്ങാടിയിൽ കർഷകരിൽനിന്ന് കച്ചവടക്കാർ പൂവെടുത്തത് 6000 രൂപയ്ക്കാണ്.ആഘോഷങ്ങൾക്കായി പാലക്കാട് പൂ വാങ്ങിക്കാനെത്തിയ ആവശ്യക്കാർക്ക് വ്യാഴാഴ്ച 8000 രൂപയാണ് നൽകേണ്ടിവന്നത്.”-വാളയാർ ആറ്റുപ്പതിയിലെ മുല്ലപ്പൂവ് കർഷകൻ ജോൺ ജോസഫ് (47) കത്തിക്കയറുന്ന മുല്ലപ്പൂവിലയെക്കുറിച്ച് വാചാലനായെങ്കിലും മുഖം നിരാശയാൽ വാടി.
”അൻപത് സെന്റ് സ്ഥലത്ത് പത്തുവർഷത്തിലധികമായി കൃഷി ചെയ്യുന്നുണ്ട്. 2000-ത്തിലധികം ചെടികളുണ്ട്. എന്റെ അനുഭവത്തിൽ, പൂവിന് ഇത്രയും ക്ഷാമം വന്ന കാലമുണ്ടായില്ല. മൂന്നിലൊന്ന് പൂവുപോലും ഇപ്പോൾ ഉത്പാദനമില്ല. പൂമൊട്ടുകൾ പോലും കരിഞ്ഞുണങ്ങുകയാണ്” -ജോൺ ജോസഫ് സങ്കടം പറഞ്ഞു.
ഡിസംബറിൽ മഞ്ഞുവീഴ്ച തുടങ്ങിയതോടെയാണ് ദുരിതവും തുടങ്ങിയതെന്ന് കർഷകർ പറയുന്നു. വാളയാർ മേഖലയിൽ മാത്രം പ്രാദേശികമായി 13 കർഷകർ കുറ്റിമുല്ല കൃഷി ചെയ്യുന്നുണ്ട്.
”രാത്രിയും പുലർച്ചെയും കനത്ത മഞ്ഞുവീഴ്ചയാണ്. രാവിലെ കനത്ത വെയിലും. ചൂടുള്ള കാലാവസ്ഥയിലേ പൂവ് വളരൂ. തണുപ്പായാൽ മൊട്ടിടുന്നതുപോലും കുറയും. ഒരു ദിവസം 18 കിലോ വരെ പൂവ് കിട്ടാറുണ്ടായിരുന്നത് ഇപ്പോൾ അഞ്ച് കിലോ പോലും കിട്ടാനില്ല. മരുന്നിനും വളത്തിനുമെല്ലാമായി ഏക്കറിന് ഏഴായിരം രൂപയോളം ചെലവുണ്ട്.
ഇത് തിരിച്ചുപിടിക്കാൻ പറ്റുന്നത്, പൊങ്കലും കല്യാണങ്ങളുമെല്ലാം വരുന്ന ജനുവരി സീസണിലാണ്. മുല്ലപ്പൂവിന് വൻ ഡിമാൻഡ് ഉണ്ടായിട്ടും മതിയായ പൂവ് കിട്ടാത്തത് നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ജോൺ ജോസഫ് പറയുന്നു.
വലിയ വില നൽകണം
വരവ് കുറയുകയും പൊങ്കൽ അടുത്തെത്തുകയും ചെയ്തതോടെ വിപണിയിൽ മുല്ലപ്പൂവിന് തീവിലയാണ്. വാളയാറിലെ കർഷകർക്ക് പൂവ് തമിഴ്നാട് അതിർത്തിയിലെ മാർക്കറ്റിൽ വിറ്റപ്പോൾ കിട്ടിയത് 6000 രൂപയാണ്. തമിഴ്നാട്ടിൽനിന്നുൾപ്പെടെ മുല്ലപ്പൂവെത്തുന്നത് മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടെന്ന് മേട്ടുപ്പാളയം പൂമാർക്കറ്റിലെ വ്യാപാരി എസ്. ഷമീറും സുൽത്താൻപേട്ടയിലെ വ്യാപാരി എം. സാദിക്കും പറഞ്ഞു.
സത്യമംഗലം, കോയമ്പത്തൂർ, നരക്കോട്ടെ എന്നിവിടങ്ങളിൽനിന്നാണ് പട്ടണത്തിലേക്ക് പ്രധാനമായും പൂവെത്തുന്നത്. 10 കിലോ പൂ വരുന്നത് മൂന്ന് കിലോപോലും കിട്ടാനില്ല. പൊങ്കൽ തീരുംവരെയും മുല്ലപ്പൂവില താഴാനിടയില്ലെന്നും ഇവർ പറയുന്നു.
