മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം 2011ലും 2016ലും ജയം നേടിയത് കളമശേരിയിൽ നിന്നാണ്. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
