കിസ്ന പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ശനിയാഴ്ച
പേരാവൂർ: ക്ലീൻ കേരള ഗ്രീൻ കേരള, ഹെൽത്തി ന്യൂജെൻ എന്ന ആശയമുയർത്തി യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന മൂന്നാമത് കിസ്ന പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ശനിയാഴ്ച നടക്കും. രാത്രി 11ന് പേരാവൂർ ഡിവൈഎസ്പി കെ.വി.പ്രമോദൻ ഫ്ളാഗ് ഓഫ് ചെയ്യും. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന മാരത്തൺ ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴി, തിരുവോണപ്പുറം, പേരാവൂർ ടൗൺ വഴി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
നാലു പേരടങ്ങുന്ന ടീമുകളായാണ് മത്സരം. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 15000,10000,5000 വീതം ക്യാഷ് പ്രൈസ് ലഭിക്കും. യൂണിഫോം വിഭാഗത്തിൽ പുരുഷ, വനിത ടീമുകൾക്ക് ഒന്നാം സമ്മാനമായി അയ്യായിരവും രണ്ടാം സമ്മാനമായി നാലായിരവും ലഭിക്കും.18 വയസിന് താഴെ ആൺ, പെൺ വിഭാഗത്തിന് യഥാക്രമം 3000,2000,1000 രൂപയും ലഭിക്കും.
ഏഴ് കിലോമീറ്റർ ദൂരം രാത്രിയെ പകലാക്കി നടത്തുന്ന മിഡ്നൈറ്റ്മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ചെയർമാൻ കെ.എം.ബഷീർ, കൺവീനർ ഒ.ജെ.ബെന്നി,വി.കെ.രാധാകൃഷ്ണൻ, പ്രവീൺ കാറാട്ട്, ജോഷി മാത്യു എന്നിവർ സംസാരിച്ചു.
