ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികള്‍ക്കും യുപിഐ വാലറ്റ്; അനുമതി നല്കി ആര്‍ബിഐ
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന വാലറ്റുകള്‍ പുറത്തിറക്കാന്‍ ജൂനിയോ പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് ആര്‍ബിഐ തത്വത്തില്‍ അംഗീകാരം നല്കി. അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജൂനിയോ . പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇനി ബാങ്ക് അക്കൗണ്ടില്ലാതെയും ഈ വാലറ്റ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താനാകും. സാധാരണ യുപിഐ ഉപയോക്താക്കളെപ്പോലെ് യുപിഐ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം നല്കാന് ഇതുവഴി സാധിക്കും. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ആരംഭിച്ച ‘യുപിഐ സര്‍ക്കിള്‍’ സംരംഭത്തിന് അനുസൃതമാണ് ഈ പുതിയ സൗകര്യം. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ലിങ്ക് ചെയ്ത യുപിഐ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പേയ്മെന്റ് നടത്താന്‍ അവസരം ലഭിക്കും. കുട്ടികളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എന്താണ് ജൂനിയോ പേയ്മെന്റ്സ്അങ്കിത് ഗേര, ശങ്കര്‍ നാഥ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഫിന്‍ടെക് പ്ലാറ്റ്ഫോമാണ് ജൂനിയോ. കുട്ടികളെയും കൗമാരക്കാരെയും ഉത്തരവാദിത്തത്തോടെ പണം കൈകാര്യം ചെയ്യാന്‍ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ ആപ്പ് വഴി മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് പണം നല്‍കാനും, ചെലവഴിക്കുന്നതിന് പരിധി നിശ്ചയിക്കാനും, ഇടപാടുകള്‍ തത്സമയം നിരീക്ഷിക്കാനും സാധിക്കും. കൂടാതെ, ടാസ്ക്കുകള് പൂര്‍ത്തിയാക്കുന്നതിലൂടെ റിവാര്‍ഡുകള്‍ നേടാനും, സേവിംഗ്സ് നടത്താനും, ഈ പ്ലാറ്റ്ഫോം വഴിയൊരുക്കുന്നു. ഓണ്‍ലൈന്‍, ഓഫ്ലൈന്, ടാപ്പ്-ടു-പേ ഇടപാടുകള്‍ക്ക് പിന്തുണ നല്കുന്ന റുപേ ബ്രാന്‍ഡിലുള്ള കാര്‍ഡുകള്‍ ജൂനിയോ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍, ഇരുപത് ലക്ഷത്തിലധികം യുവ ഉപയോക്താക്കള്‍ ജൂനിയോ പ്ലാറ്റ്ഫോമില്‍ ഉണ്ട്.പണം ചെലവഴിക്കാന്‍ മാത്രമല്ല, അത് ബുദ്ധിപരമായി കൈകാര്യം ചെയ്യാനും അടുത്ത തലമുറയെ സഹായിക്കുക എന്ന കാഴ്ചപ്പാടിന് ആര്‍ബിഐയുടെ അംഗീകാരം കൂടുതല്‍ ശക്തി പകരുന്നതായി ജൂനിയോ സഹസ്ഥാപകന്‍ അങ്കിത് ഗേര പറഞ്ഞു. വരും മാസങ്ങളില്‍ സേവിംഗ്സുകള്ക്ക് റിവാര്‍ഡ് പോയിന്റുകള്‍, ബ്രാന്‍ഡ് വൗച്ചറുകള്‍, തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും ജൂനിയോ പദ്ധതിയിടുന്നുണ്ട്.
