കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമിച്ച ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട കോഴിക്കോടിന്റെ സ്വപ്‌നമാണ് യാഥാഥ്യമാവുന്നത്. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമിച്ചത് കല്ലുത്താൻ കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 2009-ൽ കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്.മാർക്കറ്റ് പാളയത്തുനിന്ന് മാറ്റുന്നതോടെ പാളയത്തെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. മാർക്കറ്റിലേക്കുള്ള വാഹനങ്ങൾ കല്ലുത്താൻ കടവിലേക്ക് മാറുന്നതോടെ തിരക്ക് പകുതിയിൽ താഴെയായി കുറയും. മൂന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം, – പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത- അരയിടത്തുപാലം ബൈപാസിൽ നിന്ന് നേരിട്ടു വാഹനങ്ങൾക്ക് കയറാം. കെട്ടിടത്തിനുമുകളിലേക്ക് ഓട്ടോ, ഗുഡ്സ് വാഹനങ്ങൾക്ക് കയറാൻ മൂന്ന് റാംപുകൾ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിന് ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കിയിട്ടുണ്ട്.
