രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് വേണ്ട: ഐഎപിയുടെ മുന്നറിയിപ്പ്

Share our post

തിരുവനന്തപുരം: ചുമ മരുന്നുകൾ കുട്ടികൾക്ക് നൽകുന്നതിൽ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കണം എന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐഎപി) അധികൃതർ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡിജിഎച്ച്എസ്) ഏറ്റവും പുതിയ നി‍ർദേശത്തെ തുടർന്നാണ് ഐഎപി പ്രസിഡന്റ് ഡോ. ഐ റിയാസ്, സെക്രട്ടറി ഡോ. ആർ ഗോപിമോഹൻ എന്നിവർ ഈ നിർദ്ദേശം നൽകിയത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിലെ മിക്ക ചുമ രോഗങ്ങളും മരുന്നില്ലാതെ തന്നെ സ്വയം ഭേദമാകുന്നവയാണെന്നും, അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം അനാവശ്യവും സുരക്ഷിതമല്ലാത്തതുമാണ് എന്നും ഐഎപി ചൂണ്ടിക്കാട്ടി.

ഡിജിഎച്ച്എസ് മാർ​ഗനിർദ്ദേശങ്ങൾ

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ ചുമ സിറപ്പുകളോ (Combination Cough Syrups) ജലദോഷ മരുന്നുകളോ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുത്. മുതിർന്ന കുട്ടികൾക്ക്: വലിയ കുട്ടികൾക്ക് നൽകുന്ന മരുന്നുകൾ പോലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്ക് മാത്രമേ കൊടുക്കാവൂ.ആസ്ത്മയ്ക്ക്: ആസ്ത്മ പോലുള്ള രോഗങ്ങൾ മൂലമുള്ള ചുമയ്ക്ക്, ഇൻഹേലർ പോലുള്ള മരുന്നുകളാണ് ഏറ്റവും നല്ലത്.അലർജിക് റൈനിറ്റിസ് പോലുള്ള പ്രത്യേക രോഗാവസ്ഥകൾക്ക് ആറു മാസത്തിന് മുകളിലുള്ള കുട്ടികളിൽ ചില ആന്റിഹിസ്റ്റമിനുകൾ (Antihistamines) പരിഗണിക്കാവുന്നതാണ്.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വയം ചികിത്സ അരുത്: മരുന്നുകൾ സ്വന്തമായി വാങ്ങി കുട്ടികൾക്ക് കൊടുക്കരുത്. ഡോക്ടറെ കാണിച്ച ശേഷം മാത്രമേ മരുന്ന് വാങ്ങാവൂ.

മരുന്നിനേക്കാൾ നല്ലത് ഇവയാണ്

ആവശ്യത്തിന് വെള്ളം കുടിക്കുക (Adequate Hydration).

നല്ലതുപോലെ വിശ്രമം.

മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ (Saline Nasal Drops) ഉപയോഗിക്കുക.

ഇത്തരം ലളിതമായ പരിചരണങ്ങൾ കുട്ടികൾക്ക് ആശ്വാസം നൽകും. രക്ഷിതാക്കൾ സ്വയം ചികിത്സ ഒഴിവാക്കാനും, സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയ്ക്കായി പീഡിയാട്രിക് കൺസൾട്ടേഷൻ തേടാനും ഇരുവരും നിർദേശിച്ചു. മരുന്നുകളുടെ ദുരുപയോഗം തടയാനും കുട്ടികൾക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കാനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!