ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് പണമിടപാട് നടത്താൻ നൽകരുത്; മുന്നറിയിപ്പുമായി പൊലീസ്

Share our post

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങി നടത്തുന്ന തട്ടിപ്പുകൾക്കെതിരെ (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) ജാ​ഗ്രതാനിർദേശവുമായി പൊലീസ്. അ‌ക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ അതീവജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതും വ്യാപകമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമീഷനാണ് തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. സ്വന്തം അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും, ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ‌വിവരം 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതികൾ രജിസ്റ്റർ ചെയ്യണമെന്നും ജാ​ഗ്രതാനിർദേശത്തിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!