ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച ഗ്രാമ പഞ്ചായത്ത്-വെള്ളിനേഴി, കോര്‍പ്പറേഷന്‍- തിരുവനന്തപുരം

Share our post

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ​ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്ത്, കാസറകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കൊല്ലം കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങൾ രണ്ടാം സ്ഥാനവും വയനാട് ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്ഥാപനങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്. ആര്‍ദ്രകേരളം പുരസ്‌കാരം 2023-24ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!